ചിറയിൻകീഴ് : ചിറയിൻകീഴിൽ ആംബുലൻസ് പാർക്ക് ചെയ്തിട്ട് ഡ്രൈവർ ചായ കുടിക്കാൻ പോയപ്പോൾ ആംബുലൻസ് കത്തി നശിച്ചു. രോഗിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം ചിറയിന്‍കീഴ് കടകം പാലത്തിന് സമീപം റോഡ് വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കടയ്ക്കാവൂര്‍ സ്വദേശി മനുവിന്റെ ഉടമസ്ഥതയിലുളള നക്ഷത്ര എന്ന ആബുലന്‍സാണ് കത്തി നശിച്ചത്. ചായ കുടിക്കാനായി ഡ്രൈവർ തട്ടുകടയിലേയ്ക്ക് പോയി കുറച്ച് കഴിഞ്ഞപ്പോള്‍ അബുലന്‍സിന്റെ പുറക് വശത്ത് നിന്ന് പുക വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഡ്രൈവര്‍ വാഹനത്തിന് സമീപത്ത് എത്തി പരിശോധിക്കുന്നതിനിടെ തീ ആളി പടര്‍ന്നു. ഈ സമയത്ത് തട്ടുകട ഉടമയും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ തീ അണയ്ക്കാന്‍ നടത്തിയ ശ്രമം പാഴായി വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു. പ്രദേശത്ത് തീ പടര്‍ന്ന ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ചിറയിന്‍കീഴ് പൊലീസിനെ വിവരം അറിയിക്കുകയും സംഭവസ്ഥലത്ത് എത്തിയ ശേഷം ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു. ഫയര്‍ഫോര്‍സ് എത്തിയാണ് തീ അണച്ചത്. വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്കൂട്ടാണ് തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.