വർക്കല : വർക്കല നോർത്ത് ക്ലിഫിൽ പ്രവർത്തിക്കുന്ന കൺട്രി കിച്ചൻ എന്ന സ്വകാര്യ റിസോർട്ടിന്റെ ഗോഡൗണിൽ നിന്നും 37 ബിയർ ബോട്ടിലുകളും ഏഴര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെടുത്തു. വൈകുന്നേരം 7.30 മണിയോടെ ഡാൻസഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. ഗോഡൗണിൽ നിന്നും മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വർക്കല പെരുങ്കുളം സ്വദേശികളായ കണ്ണൻ എന്ന് വിളിക്കുന്ന വിനോദ് (31), മുഹമദ് നാസർ (26), തിരുവനന്തപുരം കോവളം പനത്തുറ സ്വദേശി മുഹമ്മദ് ഹാജാ (22) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. റിസോർട്ട് നടത്തിപ്പ്കാരായ ഹസ്സൻ , ഷാഹിദ് എന്നിവർ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ഇവരെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യും എന്ന് വർക്കല പോലീസ് അറിയിച്ചു.
കൺട്രി കിച്ചൻ റെസ്റ്റുറന്റിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ അനുമതി ഇല്ലാതെ മദ്യം ഉൾപ്പെടെ വിളമ്പികൊണ്ട് നിശ പാർട്ടികൾ നടന്നിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവർ ഇവിടെ സ്ഥിരമായി എത്താറുണ്ടെന്നും അക്രമം നടത്തുന്നു എന്നും ഡാൻസഫ് ടീമിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്.
വർക്കല സിഐ സനോജ് , എസ്ഐ രാഹുൽ , ഡാൻസഫ് സിഐ ബിജു ഹക്ക്, എസ്ഐ ബിജു എന്നിവർ അടങ്ങുന്ന സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി വൻതോതിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ലഹരി വസ്തുക്കളും വ്യാപകമായി വർക്കലായിൽ ലഭ്യമാണെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ യോദ്ധാവ് പരിപാടിയുടെ ഭാഗമായി ആണ് ഡാൻസഫ് ടീമും വർക്കല പോലീസും സംയുക്തമായി റെയ്ഡ് നടത്തിയത്.