വർക്കല : കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വർക്കല തിരുവമ്പാടി ഗുലാബ് മൻസിലിൽ ഫാന്റം പൈലി എന്ന് വിളിക്കുന്ന ഷാജിയെ (40) വർക്കല പോലീസ് അറസ്റ്റ് ചെയ്തു സെൻട്രൽ ജയിലിലാക്കി. വധശ്രമം, അടിപിടി,മോഷണം, ഭീഷണിപ്പെടുത്തി പണം തട്ടൽ,പിടിച്ചുപറി,ലഹരി കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഷാജി. സ്കൂൾ കുട്ടികൾക്കുൾപ്പെടെ കഞ്ചാവും മയക്കു ഗുളികകളും നൽകാൻ ശ്രമിച്ചതുൾപ്പെടെ നിരവധി ലഹരി കടത്ത്, ലഹരി വില്പന കേസുകളിൽ പ്രതിയാണ്. അടുത്തകാലത്തായി വർക്കലയിലും പള്ളിക്കലും വൃദ്ധനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ജയിലിലായി ജാമ്യം നേടി പുറത്തിറങ്ങിയ ഉടനെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ ആക്കിയത്. വർക്കല പ്രദേശത്തെ ഗുണ്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഷാജി തുടർച്ചയായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്നും ക്രിമിനൽ കേസുകളിൽ വീണ്ടും ഏർപ്പെടാൻ സാധ്യതയുള്ളതിന്റെയും അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഷാജിയെ അറസ്റ്റ് ചെയ്തത്. ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും അമർച്ച ചെയ്യണമെന്ന ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐപിഎസിന്റെ നിർദ്ദേശത്തിന്റെയും വർക്കല ഡിവൈഎസ്പി പി നിയാസിന്റെ മേൽനോട്ടത്തിൽ വർക്കല എസ്എച്ച്ഒ എസ് സനോജിന്റെ നേതൃത്വത്തിൽ എസ്ഐമാരായ രാഹുൽ പി ആർ, അബ്ദുൽ ഹക്കീം, പ്രൊബേഷൻ എസ് ഐ മനോജ് സി, എഎസ്ഐമാരായ സുരേഷ് ബാബു,ലിജോ,എസ് സി പി ഒ മാരായ വിജു,ഷിജു, സുധീർ,ഹേമാവതി സിപിഒ മാരായ ഷജീർ,ബിനു ശ്രീദേവി,പ്രശാന്ത് കുമാരൻ നായർ, സുജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കൂടുതൽ കരുതൽ തടങ്കൽ നടപടികൾ സ്വീകരിക്കുമെന്ന് വർക്കല എസ്എച്ച് ഒ എസ് സനോജ് അറിയിച്ചു.