പുന്നമൂട് റയിൽവേ ഗേറ്റിൽ മുറുകുന്ന ഗതാഗത കുരുക്ക് !

eiWVCU476882

വർക്കല: പുന്നമൂട് റെയിൽവേ ഗേറ്റടച്ച് തുറക്കുമ്പോഴാണ് ഇവിടുത്തെ ഗതാഗത കുരുക്കിന്റെ വ്യാപ്തി മനസ്സിലാകുന്നത്. ഈ കരുക്കിന് ഇനിയും ശാശ്വതപരിഹാരം കാണാനായിട്ടില്ല. റെയിൽവേ മേല്പാലത്തിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പ്രാരംഭപ്രവർത്തനങ്ങൾ പോലും ഇനിയും തുടങ്ങിയിട്ടില്ല. നാല് റോഡുകൾ ചേരുന്ന പുന്നമൂട് ജംഗ്ഷനിലാണ് റെയിൽവേ ഗേറ്റുള്ളത്. വർക്കല-ഇടവ, വർക്കല-പാരിപ്പള്ളി, പുന്നമൂട്-വർക്കല ബീച്ച് എന്നീ പ്രധാന റോഡുകൾ സന്ധിക്കുന്ന ജംഗ്ഷനിൽ എപ്പോഴും വാഹനത്തിരക്കാണ്.

രാവിലെയും വൈകുന്നേരവും ഉച്ചയ്ക്ക് പുന്നമൂട് ചന്ത സമയത്തുമാണ് റെയിൽവേ ഗേറ്റ് യാത്രക്കാരെ വലയ്ക്കുന്നത്. ഗേറ്റടച്ചുതുറക്കുമ്പോൾ 10 മീറ്റർ മാത്രം വീതിയുള്ള ലെവൽക്രോസ് കടക്കുകയെന്നത് വലിയ കടമ്പയാണ്. വർക്കല, ഇടവ, പുന്നമൂട് ചന്ത റോഡികളിൽനിന്ന്‌ പാരിപ്പള്ളി ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങളാണ് ഗേറ്റിൽ കാത്തുകിടക്കേണ്ടത്. ഗേറ്റടയ്ക്കുമ്പോഴെല്ലാം ഈ റോഡുകളിൽ വാഹനങ്ങളുടെ വലിയ നിര കാണാം. വർക്കല-ഇടവ റോഡിലാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. പുന്നമൂട് ജങ്ഷനിൽനിന്നു തിരിഞ്ഞാണ് ലെവൽക്രോസിൽ പ്രവേശിക്കേണ്ടത്.

റോഡിൽ വാഹനങ്ങൾ തോന്നിയപോലെ നിർത്തിയിടുന്നത് കാരണം വർക്കല-ഇടവ റോഡിൽ വാഹനങ്ങൾ കടന്നുപോകുന്നതിനും തടസ്സമുണ്ടാകും. അലക്ഷ്യമായ പ്രവൃത്തിമൂലം പുന്നമൂട് ലെവൽക്രോസിന്റെ പിരിധിയിലല്ലാത്ത ഈ റോഡിലും വാഹനങ്ങൾ വെറുതെ നിർത്തിയിടേണ്ടതായി വരുന്നു. പുന്നമൂട് മുതൽ കണ്ണംബ വരെയും ഗതാഗതക്കുരുക്കുണ്ടാകും. റോഡിന് വീതിക്കുറവായതാണ് ഇവിടത്തെ പ്രശ്നം. ഗേറ്റ് തുറക്കുമ്പോൾ വാഹനങ്ങൾ തിക്കിത്തിരക്കി നീങ്ങുന്നതും സുഗമമായ ഗതാഗതത്തിന് തടസ്സമാണ്. ഒരേസമയം രണ്ടു ബസുകൾ കടന്നുവന്നാൽ കുരുക്ക് വീണ്ടും മുറുകും. ഇരുചക്രവാഹനങ്ങൾ മറ്റ് വാഹനങ്ങൾക്ക് ഇടയിലൂടെ നീങ്ങി കുരുക്ക് വർധിപ്പിക്കുമ്പോൾ വീണ്ടും ഗേറ്റടയ്ക്കാൻ സൈറൺ മുഴങ്ങും.

തീവണ്ടികൾ ഏറെയുള്ള രാവിലെയും വൈകുന്നേരവും ഗേറ്റ് തുറന്നാലുടൻ അടുത്ത തീവണ്ടിക്കായി അടയ്ക്കേണ്ടിവരും. വാഹനത്തിരക്കുകാരണം പലപ്പോഴും ഗേറ്റ്കീപ്പർ നിസ്സഹായരാകാറുണ്ട്. പുന്നമൂട് ചന്തയിൽ ഏറെ തിരക്കനുഭവപ്പെടുന്ന 11 മുതൽ ഒരു മണിവരെയുള്ള സമയത്ത് ചന്തയ്ക്കു മുന്നിലെ റോഡിലും ഗതാഗതക്കുരുക്കുണ്ടാകും. റെയിൽവേ ഗേറ്റടയ്ക്കുന്ന സമയത്ത് വാഹനങ്ങളുടെ നിര മാർക്കറ്റിന് മുൻവശം വരെ നീളും. മാർക്കറ്റ് മുതൽ പുന്നമൂടുവരെ റോഡിനിരുവശത്തെയും അനധികൃത കച്ചവടവും ഗതാഗതം കുരുങ്ങാൻ കാരണമാകുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!