കടയ്ക്കാവൂർ : കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപെടുന്ന സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർഥിനികളെ ശല്യം ചെയ്യുന്ന പൂവാലന്മാരെയും ലൈസൻസില്ലാതെ അമിത വേഗതയിൽ വാഹനം ഓടിച്ച് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന യുവാക്കളെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. 9തോളം പേരെയാണ് കടയ്ക്കാവൂർ പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. സ്കൂൾ പരിസരവാസികളുടെയും അധ്യാപകരുടെയും വിദ്യാർത്ഥിനികളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ സ്കൂൾ പരിസരം കേന്ദ്രീകരിച്ച് കടയ്ക്കാവൂർ സി.ഐ ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യൻ, എ.എസ്.ഐ വിജയകുമാർ, സി.പി.ഒമാരായ ബിനോയ്, സന്തോഷ് എന്നിവർ മഫ്തിയിൽ വിവിധ വാഹനങ്ങളിലും സ്കൂൾ പരിസരത്തുമായി തമ്പടിച്ച് പ്രതികളെ പിടികൂടുകയായിരുന്നു. സ്കൂൾ ക്ലാസ് തുടങ്ങുന്ന സമയത്തും ക്ലാസ് കഴിയുന്ന സമയത്തും റോഡിൽ ബൈക്ക് റെയ്സിംഗ് നടത്തി പെൺകുട്ടികളെ ശല്യപ്പെടുത്തുക, കമൻറടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾ പതിവായിതിനെത്തുടർന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും മഫ്തിയിലും യൂണിഫോമിലും പോലീസിനെ നിയോഗിച്ച് സ്കൂൾ, കോളജുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പൂവാലശല്യം, ബൈക്ക് റേസിംഗ്, ലഹരി വസ്തുക്കളുടെ വിൽപന എന്നിവ തടയുമെന്നും എസ്.ഐ അറിയിച്ചു.