ചാത്തമ്പാറ : ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ ചാത്തമ്പാറ ജംഗ്ഷൻ വികസിപ്പിക്കാൻ പദ്ധതി. 39 ലക്ഷമാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ജംഗ്ഷൻ കേന്ദ്രീകരിച്ച് 400 മീറ്റർ നീളത്തിലാണ് റോഡ് വികസിപ്പിക്കുന്നത്. റോഡിന്റെ രണ്ടു വശത്തും ഒരു മീറ്റർ വീതി കൂട്ടും. ദേശീയപാതയുമായി രണ്ട് പ്രധാന റോഡുകൾ ചേരുന്ന സ്ഥലമാണ് ചാത്തമ്പാറ. വികസനത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശത്തും ബസ്‌ബേ നിർമിക്കും. തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്നതിനുള്ള ബസ് ഷെൽട്ടറിനോടനുബന്ധിച്ചാണ് പുതിയ ബസ്‌ബേ വരുന്നത്.
നെടുമ്പറമ്പ് റോഡിൽനിന്ന് വാഹനങ്ങൾക്ക് ദേശീയപാതയിലേക്കിറങ്ങുന്നതിന് ഇപ്പോൾ സ്ഥലപരിമിതിയുണ്ട്. വികസനം നടപ്പാകുന്നതോടെ ഈ പ്രശ്നത്തിനു പരിഹാരമാകും. ഇവിടെ പഴയ ദേശീയപാതയുടെ ഭാഗം ഇടിച്ചുതാഴ്ത്തി പാതയുടെ വീതി കൂട്ടാനാണ് തീരുമാനം. പദ്ധതി നടപ്പാകുന്നതോടെ ചാത്തമ്പാറയിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്ന് ബി.സത്യൻ എം.എൽ.എ പറഞ്ഞു.