വിളവൂർക്കൽ: പരിസരത്തെങ്ങും ആളില്ലെന്ന് ഉറപ്പാക്കി പട്ടാപ്പകല്‍ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി വീട്ടമ്മയുടെ ആറ് പവന്റെ മാല പിടിച്ചുപറിച്ച കള്ളന്‍ പിടിയിലായി. മലയം ശിവക്ഷേത്രത്തിന് സമീപം കാവടിവിള വീട്ടില്‍ ജെ.ജയശങ്കറാ(28- ശംഭു)ണ് ഇന്നലെ വൈകിട്ട് മലയിന്‍കീഴ് പോലീസിന്റെ കസ്‌റ്റഡിയിലായത്.
വിളവൂര്‍ക്കല്‍, മലയം, ഇന്ദ്രനീലത്തില്‍ വേലായുധന്‍നായരുടെ ഭാര്യ ശ്രീകല എസ്.നായരുടെ താലിയും മാലയുമാണ് തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് 2.15 ന് ഹെല്‍മറ്റ് ധരിച്ചെത്തിയ ജയശങ്കര്‍ ക്ലോറോഫോം മുക്കിയ തുണിയുമായി ചെന്ന് ബലമായി തട്ടിയെടുത്തത്. ചെറുത്തുനിന്ന വീട്ടമ്മ അക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മോഷ്‌ടാവ് ഓടി രക്ഷപ്പെട്ടു. നാടിനെ നടുക്കിയ സംഭവത്തെ തുടര്‍ന്ന് മലയിന്‍കീഴ് സി.ഐ: അനില്‍കുമാര്‍, എസ്.ഐ: സയ്‌ജു എന്നിവരുടെ നേതൃത്വത്തില്‍ അന്യസംസ്‌ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്‌തിരുന്നു. ശ്രീകലയുടെ വീടുമായി നിരന്തരം ബന്ധമുണ്ടായിരുന്ന ജയശങ്കര്‍ മാല നഷ്‌ടപ്പെട്ടതിനു ശേഷം അവരുടെ വീട്ടില്‍ പോയിരുന്നില്ല എന്നത് പോലീസ് പ്രത്യേകം ശ്രദ്ധിച്ചു. ശ്രികല തന്നെ തിരിച്ചറിഞ്ഞോ എന്ന സംശയം കാരണം അവരുടെ വീടുമായി കഴിയുന്നത്ര അകല്‍ച്ച കാണിച്ചതും പോലീസ് നിരീക്ഷിച്ചു.
ഇന്നലെ രാവിലെ ചോദ്യം ചെയ്യുന്നതിനായി സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ ജയശങ്കറുടെ മാനസികാവസ്‌ഥ മനസിലാക്കിയ പോലീസ് ഉടന്‍ അയാളെ വിട്ടയച്ചു.
ശ്രീകലയുടെ വീട്ടില്‍ നിന്നും ലഭിച്ച മോഷ്‌ടാവിന്റെ വിരലടയാളവും ജയശങ്കറിന്റേതും ഒന്നുതന്നെയാണെന്ന് മനസിലാക്കിയ പോലീസ് വൈകിട്ട് പ്രതിയെ കസ്‌റ്റഡിയിലെടുത്തപ്പോള്‍ താന്‍ തന്നെയാണ് കൃത്യം ചെയ്‌തതെന്ന് സമ്മതിച്ചു. മോഷ്‌ടിച്ച സ്വര്‍ണമാല ഇയാള്‍ പണയം വച്ചിരുന്നു. പോലീസ് അത് കണ്ടെടുത്തിട്ടുണ്ട്.