മാറനല്ലൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ ഭാഗമായി ഊരൂട്ടമ്പലം ഗവ. എല്‍.പി.എസിന് സര്‍ക്കാര്‍ അനുവദിച്ച 4.34 കോടിയുടെ ബഹുനില മന്ദിര നിര്‍മാണം പ്രതിസന്ധിയിലായി. കിഫ്‌ബിയുടെ സാമ്പത്തിക സഹായമുള്ള പദ്ധതിക്ക് തീരദേശ വികസന അതോറിറ്റിയാണ് കരാര്‍ എടുത്തിട്ടുള്ളത്. എല്‍.പി. സ്‌കൂളിന്റെ പഴയ ഷീറ്റ് മേഞ്ഞ കെട്ടിടം പൊളിച്ച് ഭൂ നിരപ്പിലാക്കി നല്‍കാന്‍ കരാറുകാര്‍ മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ലേലം കൊണ്ടയാള്‍ കെട്ടിടം പൊളിച്ച് മേല്‍ക്കൂരയിലുള്ള ഷീറ്റുകളും ഇരുമ്പ്, ചുടുകല്ല്, അസ്‌ഥിവാരത്തിലെ കരിങ്കല്ലുകള്‍ എന്നിവ കൊണ്ടുപോയി. കോണ്‍ക്രീറ്റ് അവശിഷ്‌ടങ്ങളടക്കമുള്ളവ അവിടെത്തന്നെ ഉപേക്ഷിച്ചു. മൂന്ന് വയസുമുതല്‍ ഒന്‍പതു വയസുവരെ പ്രായമുള്ള കുട്ടികള്‍ ഓടിക്കളിക്കുന്ന സ്‌കൂള്‍ മുറ്റത്താണ് കോണ്‍ക്രീറ്റ് അവശിഷ്‌ടങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. ഇത് മാറ്റി നല്‍കണമെന്ന് സ്‌കൂള്‍ അധികൃതരും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പി.ടി.എയും ആവശ്യപ്പെട്ടുവെങ്കിലും സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് പൊളിക്കാന്‍ കരാര്‍ എടുത്തയാള്‍ ഉറച്ചുനിന്നു. ബഹുനില മന്ദിരം നിര്‍മിക്കാനായി എത്തിയ തീരദേശ വികസന അതോറിറ്റി ഉദ്യോഗസ്‌ഥര്‍ പഴയ കെട്ടിടാവശിഷ്‌ടങ്ങള്‍ നീക്കം ചെയ്യാതെ അസ്‌ഥിവാരം ഉറപ്പിക്കാനാവില്ലെന്ന് പറഞ്ഞ് സ്‌ഥലംവിട്ടു. പഴയ കെട്ടിടം പൊളിക്കാന്‍ കരാര്‍ എടുത്തയാള്‍ക്ക് ഏഴുദിവസം സമയം നല്‍കിയെങ്കിലും ഒന്നരമാസമെടുത്താണ് പൊളിച്ചുനീക്കിയത്. ഇരട്ട വിദ്യാലയങ്ങളില്‍ മറ്റൊന്നായ ഗവ. യു.പി.സ്‌കൂളില്‍ തീരദേശ വികസന അതോറിറ്റി തുടങ്ങിയ ബഹുനില മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. എല്‍.പി. സ്‌കൂളിലെ കെട്ടിടാവശിഷ്‌ടങ്ങള്‍ നീക്കം ചെയ്‌തില്ലെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാവില്ലെന്ന ഉറച്ച നിലപാടിലാണ് കരാറുകാര്‍. പഞ്ചായത്ത് ഉദ്യോഗസ്‌ഥര്‍ നിസംഗത നടിക്കുകയാണ്. സ്‌ഥലം എം.എല്‍.എ. ഉള്‍പ്പെടെയുള്ളവരെ സ്‌കൂള്‍ അധികൃതര്‍ വിവരം ധരിപ്പിച്ചുവെങ്കിലും പ്രശ്‌നപരിഹാരമായിട്ടില്ലത്രെ.