വിളപ്പിൽ : ടിപ്പർ മറിഞ്ഞ് മണ്ണിനടിയിൽപ്പെട്ട് കരാറുകാരൻ മരിച്ചു. വിളപ്പിൽശാല മലപ്പനംകോട് കടുക്കനിനവിള പുത്തൻ വീട്ടിൽ വൈ.മോഹനദാസ് (39) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 ഓടെ ആണ് അപകടം.
പുനലാൽ സ്വദേശി ഗ്ലാഡ്‌സ്റ്റണിന്റെ പുരയിടത്തിൽ നിന്ന് മണ്ണ് ഇടിച്ച് ഒരു കിലോമീറ്റർ അകലെ ഡെയിൽവ്യൂ ഹൈസ്കൂളിന് സമീപത്തെ മറ്റൊരു വസ്തുവിൽ ഇടുകയായിരുന്നു. മണ്ണ് കൊണ്ട് വന്ന ടിപ്പർ ലോറിയുടെ ഡ്രൈവർക്ക് സൈഡ് പറഞ്ഞ് കൊടുക്കുന്നതിനിടെയാണ് അപകടം.
ഒരു വശത്തെ ടയർ മണ്ണിൽ പുതഞ്ഞു ടിപ്പർ ചെരിഞ്ഞതോടെ വാഹനം തട്ടി മോഹനദാസ് വീണു. താഴ്ന്ന ഭാഗത്തേക്ക് പിന്നാലെ ടിപ്പറും മറിഞ്ഞു.
വണ്ടിക്കടിയിൽ പെട്ടില്ലെങ്കിലും ടിപ്പറിലെ മണ്ണ് പൂർണമായും ദേഹത്തു വീണ് മോഹനദാസ് അതിനടിയിൽപ്പെട്ടു. നാട്ടുകാർ മണ്ണ് മാറ്റി കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 8.30 ഓടെ മരിച്ചു.