ആറ്റിങ്ങൽ : ആരോഗ്യ രംഗത്ത് ഒന്നാമതായി നിൽക്കുന്ന സംസ്ഥാനത്ത്, മികച്ച നഗരസഭയായി ശ്രദ്ധ നേടുന്ന ആറ്റിങ്ങലിൽ താലൂക്ക് ആശുപത്രിയിൽ എത്തുന്ന കിടപ്പ് രോഗികളുടെ ജീവനു ഭീഷണിയായി ആശുപത്രി കെട്ടിടം. കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണ് ജീവൻ പോകാനും സാധ്യതയുണ്ട്.
ആയിരക്കണക്കിന് രോഗികൾ ദിവസവും ആശ്രയം തേടുന്ന ജില്ലയിലെ തന്നെ പ്രധാന താലൂക്ക് ആശുപത്രിയുടെ അവസ്ഥയാണ് ഇത്.പഴയ കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീഴുന്നത്.
ഇന്ന് ആശുപത്രിയിൽ ശുചിമുറിയുടെ സീലിംഗ് അടർന്നു വീണ് ഒരാൾക്ക് പരിക്കേറ്റു. മറ്റൊരു രോഗിക്ക് കൂട്ടിരിക്കാൻ എത്തിയ ആറ്റിങ്ങൽ സ്വദേശിയായ സ്ത്രീയുടെ തലയ്ക്ക് ആണ് പരിക്കേറ്റത്. ശുചിമുറിയിൽ വെച്ചാണ് സീലിംഗ് അടർന്നു വീണത്. ഗുരുതര പരിക്കുകൾ ഇല്ലാതെ സ്ത്രീ രക്ഷപെട്ടുവെങ്കിലും കൂട്ടിരിക്കാൻ എത്തിയ അവരും രോഗിയായ അവസ്ഥയായി.
രോഗികൾ കിടക്കുന്ന സ്ഥലങ്ങളിലും കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളിലും സീലിംഗ് ഇളകിയ നിലയിലാണ്. മുകളിലേക്ക് നോക്കി കിടക്കുന്ന രോഗിയുടെ ദേഹത്തേക്ക് എപ്പോൾ വേണമെങ്കിലും സിമന്റ് കഷ്ണം വീഴാം. അത് ചിലപ്പോൾ മരണത്തിനും കാരണമായേക്കാം.
ആധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടം ദാ വരുന്നു എന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇനിയും പണി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഇളകി വീഴുന്ന സിമന്റ് കഷ്ണം കാരണം ആരുടെയെങ്കിലും ജീവൻ എടുക്കുന്നത് വരെ അടിയന്തിര ഇടപെടലുകൾ ഉണ്ടാകില്ലെന്നാണ് രോഗികളും ആരോപിക്കുന്നത്. മാത്രമല്ല, ഇത്തരത്തിൽ അപകടകരമായ രീതിയിൽ നിലകൊള്ളുന്ന കെട്ടിടത്തിൽ എങ്ങനെയാണ് രോഗികളെ കിടത്തുന്നതെന്നും ആരോഗ്യ വകുപ്പ് ഇത്തരം ആശുപത്രി കെട്ടിടങ്ങൾ പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പാക്കണ്ടേ എന്നും പൊതുപ്രവർത്തകർ ചോദിക്കുന്നു.
മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ ഈ വിഷയത്തിൽ ഇടപെടണമെന്നും ആശുപത്രിയുടെ ഈ ദുരവസ്ഥ ചൂണ്ടിക്കാട്ടി കോടതിയെ ഉൾപ്പടെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും ഒരു രോഗിയുടെ കൂട്ടിരിപ്പുകാരൻ പറഞ്ഞു.
അതേ സമയം, അപകടം സംഭവിച്ചിട്ടും ബന്ധപ്പെട്ട അധികൃതർ ഒരു വിശദീകരണവും നൽകാത്തത് ജനങ്ങളിൽ അമർഷം ഉളവാക്കിയിട്ടുണ്ട്.