വർക്കല : സ്വതന്ത്ര ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മ ( ITDG )യുടെ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പ്രദേശങ്ങളിൽ മോട്ടോർ വാഹന വകുപ്പ് വാഹന പരിശോധന ശക്തമാക്കി. സ്വകാര്യ വാഹനങ്ങളിൽ സ്കൂൾ കുട്ടികളെയും കുത്തിനിറച്ചു സവാരി നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കൂട്ടായ്മ നേരത്തെതന്നെ അധികൃതർക്ക് പരാതി നൽകിയിരുന്നു. അതിന്റ അടിസ്ഥാനത്തിൽ ജൂൺ ആദ്യവാരത്തിൽ നടത്തിയ പരിശോധനയിൽ നിരവധി വാഹനങ്ങൾക്കു പിഴയും ചുമത്തി. പിഴയടച്ച വാഹനങ്ങൾ തന്നെ വീണ്ടും ഇത്തരത്തിൽ അനധികൃത സർവീസ് നടത്തുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആറോളം വാഹനങ്ങൾക്കാണ് പിടിവീണത്. ഇനിയും അഞ്ചോളം വാഹനങ്ങൾ ഇത്തരത്തിൽ അനധികൃത സർവീസ് നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നു അധികൃതർ പറയുന്നു. വർക്കല, ഇടവ, മേൽവെട്ടൂർ, പാലച്ചിറ, രഘുനാഥപുരം എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ വർക്കല പ്രദേശങ്ങളിൽ വീണ്ടും വാഹനപരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിധീഷിന്റെ നേതൃത്വത്തിൽ അഡീഷണൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രൂപേഷ്, കിഷോർ, ഷംനാദ്, ജിപ്സൺ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.