ശ്രീധർമ്മശാസ്താവിന് മുൻപിൽ തിരുവാതിര ചുവടുകൾ വച്ച് മാളികപ്പുറങ്ങൾ. വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലത്തിലെ 13 നർത്തകിമാരാണ് പുതുവർഷപ്പുലരിയിൽ അയ്യന് മുന്നിൽ തിരുവാതിരക്കളി അവതരിപ്പിച്ചത്. 2018 മുതൽ ജീവകലയുടെ നേതൃത്വത്തിൽ അർച്ചനയായി 9 വയസ്സിന് താഴെ പ്രായമുള്ള പെൺകുട്ടികൾ തിരുവാതിര നടനം നടത്തി വരുന്നു. ആർദ്ര എസ്. ആർ., നിരഞ്ജന വി. എസ്., വൈഗ എസ്., നിരഞ്ജന റെജി, വൈഗ എ. എച്ച്., പ്രസിദ്ധ എസ്. ആർ., ദേവനന്ദ എസ്. നായർ, സാധിക സുനിമോൻ, ദുർഗ എം. എ., ഋതുനന്ദ ജി., നില സനിൽ, അനുജിമ എം. ജെ., ആദിലക്ഷ്മി എസ്. ആർ. എന്നിവരാണ് നർത്തകിമാർ. ശബരിമല ദർശനത്തിനെത്തിയ അന്യസംസ്ഥാനക്കാരായ അയ്യപ്പഭക്തൻമാർക്കിത് നവ്യാനുഭവമായിരുന്നു. നടപ്പന്തലിൽ കൂടി നിന്ന് അവർ തിരുവാതിര ആസ്വദിച്ചു.
ജീവകല നൃത്ത്യദ്ധ്യാപിക നമിത സുധീഷ് ആണ് പരിശീലനം നൽകിയത്. തിരുവാതിര കളിയിലെ ഗുരുനാഥൻ അനിൽ കെ. ഗോപിനാഥ് പരിശീലനത്തിൽ പങ്കാളിയായി. 1923-ൽ രചിച്ച ഹരിവരാസനം വിശ്വമോഹനം കീർത്തനം 100 വർഷം പൂർത്തിയാകുമ്പോൾ ഹരിവരാസനം ട്രസ്റ്റ് ചെയർമാനും കീർത്തനം രചിച്ച് പുറക്കാട് കോന്നകത്ത് ജാനകിയമ്മയുടെ ചെറുമകനുമായ പി. മോഹൻകുമാർ, ട്രസ്റ്റ് ഹൈദ്രാബാദ് ഭാരവാഹി സത്യനാരായണ എന്നിവർ ശബരിമലയിൽ തിരുവാതിര സംഘത്തിനൊപ്പം ചേരുകയുണ്ടായി. ഒരു നൂറ്റാണ്ട് പൂർത്തിയായ വേളയിൽ ഹരിഹരാത്മജം” എന്ന പേരിൽ ജീവകല 100 ഗായകരെ പങ്കെടുപ്പിച്ച് ഹരിവരാസന കീർത്തനം ആലപിച്ചിരുന്നു. ലോകത്താദ്യമായാണ് 100 പേർ ഒന്നിച്ച് ഹരിവരാസനം പാടിയത്. പാരമ്പര്യ തിരുവാതിരകളിയെ പ്രോൽസാഹിപ്പിക്കുന്നതിന് സംസ്ഥാന തലത്തിൽ ജീവകല “വരിക വാർതിങ്കളേ” എന്ന ശീർഷകത്തിൽ നടത്തുന്ന മത്സരം സംസ്ഥാനത്തെ ഏറ്റവും വലിയ ക്യാഷ് പ്രൈസ് കോമ്പറ്റീഷനാണ്.
ജീവകല സെക്രട്ടറി വി. എസ്. ബിജുകുമാർ, ജോ: സെക്രട്ടറി പി. മധു, ഖജാൻജി കെ. ബിനുകുമാർ, ചലച്ചിത്ര കലാസംവിധായകൻ സന്തോഷ് വെഞ്ഞാറമൂട് എന്നിവർ തിരുവാതിരകളിക്ക് നേതൃത്വം നൽകി.