പ്രശസ്‌ത ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. മസ്‌തിഷ്‌കാഘാതത്തെത്തുടർന്ന് അസുഖബാധിതനായി ചികിത്സയിലായിരുന്നു. അറുപതോളം ചിത്രങ്ങൾക്കുവേണ്ടി ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. പ്രിയദർശൻ ചിത്രം കിളിച്ചുണ്ടൻ മാമ്പഴത്തിലൂടെയാണ് ഗാനരചയിതാവായത്. നാടക രചന, സംവിധാനം എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം 1993 ൽ ജോണി എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേയ്ക്ക് പ്രവേശിക്കുന്നത്. കിളിച്ചുണ്ടൻ മാമ്പഴത്തിനു മുൻപ് ബീയാർ പ്രസാദ് ഗാനരചന നിർവഹിച്ചത് സീതാ കല്യാണം എന്ന ചിത്രത്തിനായിരുന്നു പക്ഷേ ആ ചിത്രം റിലീസായത് വർഷങ്ങൾ കഴിഞ്ഞാണ്. അതിനാൽ പ്രസാദിന്റെ ജനങ്ങൾ കേട്ട ആദ്യ ഗാനങ്ങൾ കിളിചുണ്ടൻ മാമ്പഴത്തിലേതായിരുന്നു. തുടർന്ന് ജലോത്സവം, വെട്ടം, തട്ടുംപുറത്ത് അച്യുതൻ എന്നിവയുൾപ്പെടെ നിരവധി സിനിമകൾക്ക് ബീയാർ പ്രസാദ് ഗാനരചന നിർവഹിച്ചു. സിനിമകൾ കൂടാതെ സംഗീത ആൽബങ്ങൾക്കും ബീയാർ പ്രസാദ് രചന നിർവഹിച്ചിട്ടുണ്ട്.