പകൽക്കുറി : പ്രീ പ്രൈമറി കുട്ടികളുടെ പഠനം അന്താരാഷ്ട്ര നിലവാരത്തിലേക്കു ഉയർത്തുന്നതിനായി സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതി നടപ്പിലാക്കാൻ പകൽക്കുറി ഗവ. എൽ.പി.എസിന് 10 ലക്ഷം രൂപ അനുവദിച്ചു. പദ്ധതിയുടെ ഔദ്യോഗികമായ ഉദ്ഘാടനം ഹരിതയിടത്തിൽ ചെടി നട്ടു കൊണ്ട് പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന നിർവഹിച്ചു.
ഈ തുക ഉപയോഗിച്ച് നിലവിലെ പ്രീ-പ്രൈമറി വിഭാഗത്തിൽ വായനയിടം, വരയിടം, കുഞ്ഞരങ്ങ്, പാർക്ക്, ഇ – ഇടം, ശാസ്ത്രയിടം, നിർമാണയിടം, ഗണിതയിടം, കളിയിടം തുടങ്ങി 13 ഇടങ്ങൾ സജ്ജീകരിക്കും. ശിശു സൗഹൃദ പഠന ഇടങ്ങളിൽ കുട്ടികൾക്ക് സ്വതന്ത്ര വായന, അഭിനയം, ഭാഷാർജനം, ഗണിത ശാസ്ത്ര പരീക്ഷണങ്ങൾ എന്നിവ നേടാൻ അവസരം ഒരുക്കും. പി.റ്റി.എ പ്രസിഡന്റ് ജോഷ് മോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മാധവൻ കുട്ടി, വാർഡ് മെമ്പർ രഘുത്തമൻ, എച്ച്.എം മനോജ് ബി. കെ നായർ, ബ്ലോക്ക് പ്രോജക്ട് ഓഫീസർ വി.ആർ സാബു, ബി.ആർ.സി ട്രെയിനർമാരായ ബിജു വി , വൈശാഖ് കെ.എസ് , ഷീബ.കെ , സ്റ്റാഫ് സെക്രട്ടറി ദിവ്യ ബി.കെ, എം.പി.ടി.എ പ്രസിഡന്റ് ശ്രീലത, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.