ശ്രീകാര്യം കൃഷിഭവനിലെ ഹരിതം ഓർഗാനിക് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അർബൻ സ്ട്രീറ്റ് മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു.നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആതിര എൽ. എസ് ഉദ്ഘാടനം നിർവഹിച്ചു.ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വിഷരഹിത പച്ചക്കറി ഉത്പാദനം ലക്ഷ്യമിട്ട് ആരംഭിച്ച ഹരിതം കർഷക കൂട്ടായ്മയിൽ നൂറിലധികം അംഗങ്ങളുണ്ട്. ഇവരുടെ കാർഷികോത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വിപണനം ചെയ്യുകയാണ് അർബൻ സ്ട്രീറ്റ് മാർക്കറ്റിന്റെ ലക്ഷ്യം. ആഴ്ചയിൽ ഒരു ദിവസം തെരെഞ്ഞെടുത്ത സ്ഥലങ്ങളിൽ മാർക്കറ്റ് പ്രവർത്തിക്കും. ശാസ്ത്രീയ കാർഷിക പരിശീലനം ലഭിച്ച ഹരിതം കാർഷിക കൂട്ടായ്മ ജൈവകൃഷി രീതിയിലൂടെ ഉത്പാദിപ്പിച്ച പച്ചക്കറികൾ, പഴങ്ങൾ എന്നിവയാണ് വിപണിയിൽ നേരിട്ട് എത്തുന്നത്. ആവുക്കുളം അമിനിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ കൗൺസിലർമാരായ സ്റ്റാൻലി ഡിക്രൂസ്, അർച്ചന മണികണ്ഠൻ, ഗായത്രി ദേവി,ജില്ലാ കൃഷി ഓഫീസർ ബൈജു എസ് സൈമൺ തുടങ്ങിയവരും പങ്കെടുത്തു.