പശ്ചാത്തല ഭൗതിക സാഹചര്യങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാൻ ഒരുങ്ങി പരുത്തിപ്പള്ളി ഗവണ്മെന്റ് എൽ. പി. സ്കൂളും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ച് സ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ ചടങ്ങിൽ അധ്യക്ഷനായി.
എൽ പി, നഴ്സറി വിഭാഗങ്ങളിലായി 240 കുട്ടികളാണ് പരുത്തിപ്പള്ളി എൽ.പി.എസ്സിൽ പഠിക്കുന്നത്. കോട്ടൂർ വനമേഖല ഉൾപ്പെടെ മലയോര പ്രദേശങ്ങളിൽ നിന്നും നിരവധി കുട്ടികളാണ് പ്രാഥമിക വിദ്യാഭ്യാസത്തിനായി സ്കൂളിനെ ആശ്രയിക്കുന്നത്. 1914ൽ പ്രവർത്തനം ആരംഭിച്ച സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഇരു നിലകളിലായി 369.90 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പണിയുന്ന കെട്ടിടത്തിൽ, ആറ് ക്ലാസ്സ് മുറികൾക്ക് പുറമെ ശുചിമുറികളടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും.
പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി അരുവിക്കര മണ്ഡലത്തിലെ ആറ് സ്കൂളുകളിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന് കീഴിൽ നാലും തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ രണ്ടും സ്കൂളുകൾക്കാണ് കെട്ടിടം നിർമ്മിക്കുന്നത്. അരുവിക്കര, ഉറിയാക്കോട് എൽ. പി സ്കൂളുകളിലെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്.