കിളിമാനൂർ : കിളിമാനൂർ ബി ആർ സി പരിധിയിലെ തിരഞ്ഞെടുത്ത കുട്ടികൾ പാദ മുദ്രകൾ തേടി കിളിമാനൂർ കൊട്ടാരത്തിലെത്തി.
കുട്ടികൾക്ക് ചരിത്രത്തിന്റെ പ്രാധാന്യവും രീതിശാസ്ത്രവും ബോധ്യപ്പെടുത്തുന്നതിനായി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന പദ്ധതിയാണ് പാദ മുദ്രകൾ. ചരിത്ര രചയിതാക്കളായ കുട്ടികൾക്ക് കിളിമാനൂർ ഗവ എൽ പി എസിൽ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. ഒന്നാം ദിനം കുട്ടികൾ തയ്യാറാക്കി വന്ന പ്രാദേശിക ചരിത്രരചന വിലയിരുത്തുകയും മെച്ചപ്പെടുത്തലും നടന്നു. രണ്ടാം ദിനം ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി കിളിമാനൂർ കൊട്ടാരം സന്ദർശിച്ചു.രാജകുടുംബാംഗം ബിജു രാമവർമ്മ കൊട്ടാര ചരിത്രത്തെ കുറിച്ച് വിശദമായി കുട്ടികളുമായി സംവദിച്ചു.കൊട്ടാരത്തിലെ ചരിത്ര സംഭവങ്ങൾ,സ്മാരകങ്ങൾ, വ്യക്തികൾ എന്നിങ്ങനെ പ്രാദേശിക ചരിത്രത്തെ വിശകലനാത്മകമായി സമീപിക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.ചരിത്രകാരനും മുൻ പ്രഥമാധ്യാപകനും ആയ വി.വേണുഗോപാൽ കുട്ടികളുമായി സംവദിച്ചു.
ശില്പശാലയുടെ ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ നിർവഹിച്ചു. എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസർ റെനി വർഗീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി എസ് പ്രദീപ് എന്നിവർ സംസാരിച്ചു.ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ വി ആർ സാബു, മുൻ ബി പി ഒ എം എസ് സുരേഷ് ബാബു, പരിശീലകൻ ടി വിനോദ്, കവിത ടി എസ് , മായ ജി എസ് , ദീപ ടി എസ് , ദിവ്യാദ്യാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചിത്രം : പാദമുദ്ര ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി കിളിമാനൂർ കൊട്ടാരത്തിൽ എത്തിയ കുട്ടികൾക്ക് രാജകുടുംബാംഗം ബിജു രാമവർമ്മ കൊട്ടാരത്തിന്റെ ചരിത്രം പറഞ്ഞു നൽകുന്നു.