അന്താരാഷ്ട്ര ചെറുധാന്യ വർഷത്തിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.
ചെറുധാന്യങ്ങളെ ഭാവിയിലേക്കുള്ള ഭക്ഷ്യവസ്തുവായി പരിഗണിക്കുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. ചെറുധാന്യങ്ങൾ ഉപഭോക്താവിനും കൃഷിക്കാരനും കാലാവസ്ഥയ്ക്കും നല്ലതാണ്. കൃഷിയും ഭക്ഷ്യവൈവിധ്യവും മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണു ചെറുധാന്യങ്ങൾ. ഈ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി സ്കൂളിലെ പ്രൈമറി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഭക്ഷ്യമേള.
കുട്ടികൾ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിവിധ ഭക്ഷ്യവിഭവങ്ങൾ പ്രദർശിപ്പിച്ചു. അവയുടെ നിർമാണരീതി കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് റ്റി.എൽ.പ്രഭൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജി.എൽ. നിമി, സീനിയർ അധ്യാപിക സി.എം. ബീന, അധ്യാപകർ എന്നിവർ സംബന്ധിച്ചു.