കല്ലമ്പലം : അശാസ്ത്രീയമായ വിഴിഞ്ഞം- നാവായിക്കുളം റിംഗ് റോഡ് അലൈൻമെന്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുതുശ്ശേരിമുക്ക് ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും വിവിധ ഘട്ടങ്ങളിലായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഡെപ്യൂട്ടി കളക്ടർ ഷീജ ബീഗം സ്ഥലം സന്ദർശിച്ചു.
അശാസ്ത്രീയത സംബന്ധിച്ച് പഠനം നടത്തുമെന്ന് ഡെപ്യൂട്ടി കളക്ടർ പറഞ്ഞു. നാവായിക്കുളം, കരവാരം പഞ്ചായത്ത് പ്രദേശങ്ങളിലെ പുതുശ്ശേരിമുക്ക്, മുരുകൻ കോവിൽ പരിസരം, ആനക്കാട്, വല്ലത്തുകോണം കോളനി, കല്ലുവിള സർവീസ് സ്റ്റേഷൻ ജംഗ്ഷൻ, തട്ടുപാലം തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തി.
പുതുശ്ശേരിമുക്ക് ആക്ഷൻ കൗൺസിലിന്റെയും മുരുകൻ കോവിൽ സംരക്ഷണ സമിതിയുടെയും പൊതുജനങ്ങളും ഉന്നയിച്ച വിഷയങ്ങൾ പഠനം നടത്തി പരിഹരിക്കാമെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക, കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ, താലൂക്ക് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ തുടങ്ങിയവർ ഉണ്ടായിരുന്നു.