പക്ഷിപ്പനി: മൂവായിരത്തോളം പക്ഷികളെ ഉന്‍മൂലനം ചെയ്തു തുടങ്ങി; പ്രദേശങ്ങളില്‍ മൂന്ന് മാസത്തേക്ക് നിയന്ത്രണം

IMG_20230109_19032177

പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവനന്തപുരം അഴൂര്‍ ഗ്രാമപഞ്ചായത്തില്‍ തിങ്കളാഴ്ച ( 9.1.2023 ) മുതല്‍ പക്ഷികളെ കൊന്നു തുടങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ എട്ട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളാണ് പക്ഷികളെ കൊല്ലുന്നത്. ചൊവ്വാഴ്ചയോടെ ( 10.1.2023 ) മുഴുവന്‍ പക്ഷികളെയും കൊന്ന്തീര്‍ക്കും.

അതീവ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുമായാണ് മൃഗസംരക്ഷണ വകുപ്പ് പെരുങ്കുഴി പഞ്ചായത്തില്‍ പക്ഷിപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. പക്ഷികളെ കൊല്ലാനായി ഒരു വെറ്റിനറി സര്‍ജന്‍, രണ്ട് ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു അറ്റന്‍ന്റ്, രണ്ട് തൊഴിലാളികള്‍ എന്നിവരടങ്ങിയ ടീമിനെ സഹായിക്കാനായി ഓരോ പഞ്ചായത്ത് അംഗത്തെയും നിയോഗിച്ചിച്ചിട്ടുണ്ട്.

രോഗപ്രഭവ കേന്ദ്രത്തില്‍നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള പ്രദേശത്തെ 3000 ത്തോളം പക്ഷികളെയാണ് കൊന്നൊടുക്കുന്നത്. പക്ഷിപ്പനി പ്രഭവകേന്ദ്രമായ അഴൂര്‍ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി ജംഗ്ഷന്‍ വാര്‍ഡി (വാര്‍ഡ് 15) ന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളായ റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡ് (വാര്‍ഡ് 17) പൂര്‍ണമായും, പഞ്ചായത്ത് ഓഫീസ് വാര്‍ഡ് (വാര്‍ഡ് 16), കൃഷ്ണപുരം വാര്‍ഡ് ( വാര്‍ഡ് 7 ), അക്കരവിള വാര്‍ഡ് (വാര്‍ഡ് 14), നാലുമുക്ക് (വാര്‍ഡ് 12) കൊട്ടാരം തുരുത്ത് (വാര്‍ഡ് 18) എന്നീ വാര്‍ഡുകള്‍ ഭാഗികമായും ഉള്‍പ്പെട്ട പ്രദേശങ്ങളിലെ മുഴുവന്‍ കോഴി, താറാവ്, മറ്റു അരുമ പക്ഷികളെയും ഉന്‍മൂലനം ചെയ്യും. കൂടാതെ അവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം) തീറ്റ എന്നിവ കത്തിച്ച് നശിപ്പിക്കുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ടി.എം ബീനാ ബീവി അറിയിച്ചു. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും വളര്‍ത്തു പക്ഷികളില്‍ അസ്വാഭാവികമായി കൂട്ടമരണം സംഭവിക്കുന്ന സാഹചര്യങ്ങളില്‍ ആ വിവരം അടുത്തുള്ള മൃഗാശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ. കൗശിഗന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഭോപ്പാലിലെ എന്‍.ഐ.എച്ച്.എസ്.എ.ഡി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!