കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ നിലയ്ക്കാമുക്കിൽ ഉപതെരഞ്ഞെടുപ്പിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഈ മാസം ആറിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും കരട് പട്ടികയെക്കുറിച്ചുള്ള ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനും ജനുവരി 21 വരെ അവസരമുണ്ട്. ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് പേര് ചേർക്കാം. ഇതിനായി http://www.lsgelection.kerala.gov.in ൽ ഓൺലൈൻ അപേക്ഷ നൽകണം. അന്തിമ പട്ടിക 30 ന് പ്രസിദ്ധീകരിക്കും. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജയ ജോസ് രാജ് സി.എൽ-ന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് വരണാധികാരി ജിജി ടൈറ്റസ്, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് എസ്.ജെ തുടങ്ങിയവരും പങ്കെടുത്തു.