ലഹരി ബോധവത്കരണത്തിനും വിദ്യാർഥികൾ, യുവജനങ്ങൾ എന്നിവർക്കിടയിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പ്രചാരണം നടത്തുന്നതിനുമുള്ള വിമുക്തി പദ്ധതിയുടെ പ്രദർശന വാഹനം ചിറയിൻകീഴിൽ തുരുമ്പെടുത്ത് നശിക്കുന്നു.
പ്രദേശത്തെ സ്‌കൂളുകളിലും കോളേജുകളിലും പൊതുയിടങ്ങളിലും ബോധവത്കരണവും പ്രദർശനവുമൊരുക്കുന്ന ലക്ഷങ്ങൾ വിലയുള്ള വാഹനമാണ് നിരത്തിൽ ഇറങ്ങാനാവാതെ നശിക്കുന്നത്. ആറുമാസം മുമ്പ് ചിറയിൻകീഴിലെത്തിയ വാഹനം കേടായതിനെതുടർന്ന് ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് അധികൃതർ സ്ഥലംവിടുകയായിരുന്നു.
ഇതോടെ മൂന്നുമാസത്തോളമായ് ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയിലായ വാഹനത്തിന്റെ ബാറ്ററി ഉൾപ്പെടെ നശിച്ചു, സ്റ്റാർട്ടാക്കാൻ പറ്റാത്ത അവസ്ഥയിലായി.
ചിറയിൻകീഴിൽ മേൽപ്പാലം നിർമാണത്തെത്തുടർന്ന് ബസ് സ്റ്റാൻഡും പരിസരവും നിർമാണ സാമഗ്രികൾ കൊണ്ട് നിറഞ്ഞതോടെ അറ്റകുറ്റപ്പണികൾക്കായി ബസ് ആറ്റിങ്ങലിലെ ഒരു സ്വകാര്യ വർക്ക്‌ഷോപ്പിലേക്ക് മാറ്റി. ഒരു മാസമായിട്ടും വാഹനം നന്നാക്കാനുള്ള നടപടി എക്സൈസിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തതിനാൽ ബസ് അവിടെനിന്നും മാറ്റിത്തരണമെന്ന് വർക്ക്‌ഷോപ്പ് ഉടമ ആവശ്യപ്പെട്ടു. വർക്ക്‌ഷോപ്പിലെ സ്ഥലക്കുറവ് മറ്റ് പണികളെ ബാധിച്ചതിനാലാണ് വാഹനം നീക്കാൻ ഉടമ ആവശ്യപ്പെട്ടത്.
ഗത്യന്തരമില്ലാതെ വാഹനം കെട്ടിവലിച്ച് വീണ്ടും ചിറയിൻകീഴിലെത്തിച്ചു. നിലവിൽ ചിറയിൻകീഴിൽ എക്സൈസ് റേഞ്ച് ഓഫീസിലെ തൊണ്ടിവാഹനങ്ങൾക്കൊപ്പം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ലക്ഷങ്ങൾ വിലയുള്ള ഈ വാഹനത്തിന്റെ ഇപ്പോഴത്തെ കിടപ്പ്. ആറുമാസമായി അനങ്ങാതെ കിടക്കുന്ന വാഹനത്തിന്റെ വിലയേറിയ യന്ത്രഭാഗങ്ങളെല്ലാം തുരുമ്പെടുത്ത് തുടങ്ങിയിട്ടുണ്ട്.
വകുപ്പിൽനിന്നുള്ള വർക്ക് ഓർഡർ ലഭിക്കാത്തതാണ് വാഹനത്തിന്റെ അറ്റകുറ്റപ്പണി ചെയ്യാൻ ജീവനക്കാർക്ക് കഴിയാത്തതത്രെ. ഫണ്ടില്ലാത്തതിനാലാണ് എസ്റ്റിമേറ്റ് പ്രകാരമുള്ള വർക്ക് ഓർഡർ നൽകാൻ വകുപ്പിന് കഴിയാത്തതെന്നാണ് റിപ്പോർട്ട്. നേരത്തെ തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയുടെ അഞ്ചിരട്ടി ഉണ്ടെങ്കിലും വാഹനം ചലിപ്പിക്കുക ഇനി പ്രയാസമാണ്.
രണ്ടുവർഷം മാത്രം പഴക്കമുള്ള വാഹനം ഉപയോഗിക്കാതെ നശിക്കുന്നതിന് കാരണം അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ്. പ്രൊജക്ടർ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ഉപകരണങ്ങളും വാഹനത്തിനൊപ്പം നശിക്കുകയാണ്. എക്സൈസ് വകുപ്പിന് വാഹനം ലഭിച്ചശേഷം പ്രദർശനത്തിന് സജ്ജമാക്കുന്ന രീതിയിൽ വാഹനത്തിന് മാറ്റം വരുത്തുന്നതിനും ലക്ഷങ്ങൾ സർക്കാർ ഖജനാവിൽ നിന്നു ചെലവിട്ടിട്ടുണ്ട്. എക്സൈസിന്റെ നേതൃത്വത്തിൽ രണ്ട് വർഷം മുമ്പാണ് വിമുക്തി പദ്ധതി നടപ്പാക്കിയത്.