ആറ്റിങ്ങൽ : പാർട്ടി നേതാവിന്റെ ബന്ധുവിന്റെ പേരിലുള്ള വസ്തുവിനോട് ചേർത്ത് അനധികൃതമായി മതിൽ നിർമിച്ചു സ്ഥലം കൈക്കലാക്കാൻ ശ്രമിച്ചത് നഗരസഭ ചെയർപേഴ്സണും നാട്ടുകാരും ചേർന്നു പൊളിച്ചടുക്കി.
ആറ്റിങ്ങൽ നഗരത്തിന്റെ ഹൃദയ ഭാഗത്ത് മാർക്കറ്റ് റോഡിൽ ഇന്നലെ അർദ്ധരാത്രിയിലാണ് മതിൽ നിർമാണം നടന്നത്. ശനി, ഞായർ അവധി ദിവസങ്ങൾ മുന്നിൽ കണ്ട് വെട്ടിപ്പിടിച്ചു മതിൽ കെട്ടാനായിരുന്നു ശ്രമം. രാവിലെ നാട്ടുകാർ ഒരു മതിലിനടുത്ത് മറ്റൊരു മതിൽ അനധികൃതമായി കെട്ടിപ്പൊക്കിയത് കണ്ട് നഗരസഭയെ വിവരം അറിയിക്കുകയായിരുന്നു. ചെയർപേഴ്സൺ അഡ്വ എസ് കുമാരിയുടെ നേതൃത്വത്തിൽ നഗരസഭ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അനധികൃത നിർമാണം ആണെന്ന് ബോധ്യപ്പെടുകയും മതിൽ പൊളിച്ചു മാറ്റുകയും ചെയ്തു.
എന്നാൽ സ്വകാര്യ വ്യക്തി ഇവിടെ അനധികൃതമായി സ്ഥലം കൈക്കലാക്കിയ ശേഷം ബീവറേജസ് ഔട്ലെറ്റിന് സ്ഥലം വാടകയ്ക്ക് കൊടുക്കാനായിരുന്നു ഉദ്ദേശം എന്നും നാട്ടുകാർ ആരോപിക്കുന്നു.
സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ വലിയ രീതിയിലുള്ള പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. പാർട്ടിയുടെ മുൻ നിര നേതാവിന്റെ അറിവോടെ അനധികൃത നിർമാണം നടത്തിയത് പരിശോധിക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്.