കേരള സർക്കാർ കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വർക്കല നഗരസഭയിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം അഡ്വ വി ജോയ് എം എൽ എ നിർവഹിച്ചു. നാളികേര ഉത്പാദനം ശാസ്ത്രീയമായി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്‌ഥാന സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കേരഗ്രാമം.
100 ഹെക്ടർ സ്ഥലത്തേക്ക് തെങ്ങ് കൃഷിക്കായി വിവിധ ഘടകങ്ങളായി 25 ലക്ഷം രൂപയാണ് വർക്കല നഗരസഭയ്ക്കായി വകയിരുത്തിയിട്ടുള്ളത്. രോഗം വന്നതും ഉത്പാദനക്ഷമത ഇല്ലാത്തതുമായ തെങ്ങുകൾ മുറിച്ചു മാറ്റുക , തെങ്ങിന് ആവശ്യമായ മരുന്ന് പ്രയോഗം, രാസജൈവ വള വിതരണം, ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുക, കൃഷിക്കായി കിണർ നിർമ്മിക്കുക, പമ്പ് സെറ്റ് വിതരണം, ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പോസ്റ്റ് വള നിർമ്മാണം എന്നീ വിവിധ ഘടകങ്ങൾ ആയി ആണ് ഈ തുക വകയിരുത്തിയിട്ടുള്ളത്.
വർക്കല മൈതാനം മുനിസിപ്പൽ പാർക്കിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ എം ലാജി അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം പ്രേമവല്ലി കേരഗ്രാമം പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസർ രാധാകൃഷ്ണൻ , അസിസ്റ്റന്റ് കൃഷി ഓഫീസർ ബൈജു ഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൃഷി ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു. പച്ചക്കറി തൈകളുടെ വിതരണവും പമ്പ് സെറ്റ് , തെങ്ങു കയറ്റ യന്ത്രങ്ങൾ എന്നിവയും ചടങ്ങിനോടാനുബന്ധിച്ചു വിതരണം ചെയ്തു. കൂടാതെ മണ്ണിലെ മൂലകങ്ങളുടെ തോത് തിരിച്ചറിഞ്ഞു വളപ്രയോഗം ശരിയായ രീതിൽ നടത്തുന്നതിനായി മണ്ണ് പരിശോധനയും സംഘടിപ്പിച്ചിരുന്നു
വർക്കല നഗരസഭയയും കുടുംബശ്രീ മിഷനും സംയുക്തമായി സാമൂഹ്യസുരക്ഷാ ഉറപ്പാക്കുന്നതിനായി , നടപ്പിലാക്കുന്ന ഒപ്പം ക്യാമ്പയിന്റെ ഉദ്ഘാടനവും ഇതിനോട് അനുബന്ധിച്ച് നടന്നു.
എന്നാൽ ഉദ്ഘാടനവേദിയിൽ നിന്നും കോൺഗ്രസ്, ബിജെപി കൗൺസിലർമാർ വിട്ട് നിന്നു. കുടുംബശ്രീ സിഡിഎസ്സിന്റെ വൻ സാമ്പത്തിക തിരിമറി ശ്രമം നടന്നതിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെടുന്നതിലും അന്വേഷണം കഴിയുന്നത് വരെ സിഡിഎസ് ചെയർപേഴ്‌സനെ ചുമതലയിൽ നിന്നും മാറ്റി നിർത്താത്തതിലും പ്രതിഷേധിച്ചാണ് ബിജെപി കോണ്ഗ്രസ് കൗണ്സിലര്മാർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ട് നിന്നത്. എന്നാൽ കോണ്ഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് പി എം ബഷീർ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് തന്റെ പ്രതിഷേധം അറിയിച്ചു. കേൾക്കാൻ ഇമ്പമുള്ള പേരുകൾ ഉൾകൊള്ളിച്ചു നടത്തുന്ന പദ്ധതികൾ പലതും ശെരിയായവിധത്തിൽ നടപ്പിലാകുന്നില്ല എന്നും ഇത് പരിശോധിക്കപ്പെടേണ്ടത് ആണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ വൈസ് ചെയർപേഴ്‌സൺ കുമാരി സുദർശിനി , ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിതിൻ നായർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി അജയകുമാർ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സജിനി മൻസാർ, പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീവി ജാൻ, മറ്റ് ഇടതുപക്ഷ കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.