കിളിമാനൂർ വാലഞ്ചേരി പ്രധാന റോഡിൽ നിന്നും ഐരുമൂല ക്ഷേത്രത്തിലേക്ക് പോകുന്ന റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായിത്തീർന്നിട്ട് നാളുകളേറെയായി. റോഡിൽ വൻകുഴികൾ രൂപപ്പെടുകയും തോടിന് മുകളിലെ സ്ലാബ് ഇടിഞ്ഞ് താഴുകയും ചെയ്തതോടെ വാഹനങ്ങൾ അപകടകരമായ അവസ്ഥയിലാണ് യാത്ര ചെയ്യുന്നത്.
നിരവധി ഭക്തർ ക്ഷേത്രത്തിലേക്കെത്തുന്ന റോഡിൽ ഇപ്പോൾ കാൽനടയാത്ര പോലും അസാധ്യമായിരിക്കയാണ്. കൂടാതെ തെരുവു വിളക്കുകൾ സ്ഥാപിക്കുകയോ നിലവിലുള്ളവ പ്രകാശിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ഐരുമൂലക്ഷേത്ര റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നും തെരുവു വിളക്കുകൾ പ്രകാശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നിവേദനം നൽകാൻ തുടങ്ങിയിട്ട് നിരവധി വർഷങ്ങളായെങ്കിലും യാതൊരു നടപടിയുമുണ്ടാകാത്തതിൽ അസോസിയേഷന്റെ വാർഷികപൊതുയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും അടിയന്തിര നടപടികളെടുത്തില്ലെങ്കിൽ പ്രത്യക്ഷ സമരമാർഗ്ഗങ്ങൾ സ്വീകരിക്കാൻ തീരുമാനിക്കയും ചെയ്തു.
പ്രസിഡന്റ് മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ജന.സെക്രട്ടറി എൻ. ഹരികൃഷ്ണൻ വാർഷിക റിപ്പോർട്ടും ട്രഷറർ ഷീജാ രാജ് വാർഷിക കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പ്രഫ.എം.എം. ഇല്യാസ് സ്വാഗതവും സെക്രട്ടറി എസ്.വിപിൻ കൃതജ്ഞതയും രേഖപ്പെടുത്തി.
ഭരണ സമിതിയംഗങ്ങളായ അർ.അനിൽ കുമാർ, എ.ടി.പിള്ള, ജ്യോതിലക്ഷ്മി, ജയചന്ദ്രൻ, ശെൽവകുമാർ, ബാബു, വിജയൻ, വത്സകുമാരൻ നായർ, രാജേന്ദ്രൻ പിള്ള, സൂരജ്, ബിജിത്ത്, ചന്ദ്രിക, സജിത, രജിത, മഞ്ജു, ധന്യ, അനിത, പ്രഭ തുടങ്ങിയവർ സംസാരിച്ചു.