മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാര്‍

eiVFDX112616

2023-24 വാര്‍ഷിക പദ്ധതിയില്‍ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത്. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന വികസന സെമിനാര്‍ ഐ. ബി. സതീഷ് എം. എല്‍. എ. ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി അധ്യക്ഷയായ ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒ. ജി. ബിന്ദു കരട് രേഖ അവതരിപ്പിച്ചു. ഉത്പാദന മേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി പ്രാദേശിക സാമ്പത്തിക വികസനം മെച്ചപ്പെടുത്തുകയാണ് പഞ്ചായത്ത് പ്രധാനമായും ലക്ഷ്യമിടുന്നത്.

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വനിതകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികളാണ് രൂപീകരിക്കുന്നത്. തെരഞ്ഞെടുത്ത കുടുംബശ്രീ യൂണിറ്റുകളില്‍ വ്യവസായ സംരംഭങ്ങള്‍ നടപ്പിലാക്കുക, ചെറുകിട വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് സബ്‌സിഡിനത്തില്‍ യന്ത്ര സാമഗ്രികള്‍ വിതരണം ചെയ്യുക, സൗജന്യമായി തൊഴില്‍ പരിശീലനം നല്‍കുക, കൂടുതല്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങി നിരവധി പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്.

കൂടാതെ ലൈഫ്, ജലജീവന്‍ പദ്ധതി, കൃഷി, പാലിയേറ്റീവ് സേവനം, പട്ടികജാതി വികസനം, ആരോഗ്യം, വിദ്യാഭ്യാസം , ഭവന പുനരുദ്ധാരണം, സമ്പൂര്‍ണ്ണ ശുചിത്വം തുടങ്ങി വിവിധ മേഖലകളിലെ സുസ്ഥിരവികാസം ഉറപ്പാക്കുന്ന പദ്ധതികളും ഉള്‍പ്പെടുന്നു. എട്ട് കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

വാര്‍ഷിക പദ്ധതിയുടെ കരട് രേഖയെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!