അരുവിക്കര മണ്ഡലത്തിലെ വിവിധ ലൈബ്രറികൾക്കും സ്കൂളുകൾക്കുമായി എം.എൽ. എ യുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിയ പുസ്തകങ്ങളുടെ വിതരണം സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.
ശാസ്ത്രസാങ്കേതിക രംഗം പുരോഗമനം കൈവരിക്കുന്ന കാലഘട്ടത്തിൽ വായന ഒഴിവാക്കാനാകില്ലെന്ന് സ്പീക്കർ. ലൈബ്രറികൾ വായനയുടെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും അവയ്ക്ക് പ്രോത്സാഹനം നൽകേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്ത മാണെന്നും സ്പീക്കർ പറഞ്ഞു. ജി. സ്റ്റീഫൻ എം. എൽ. എ അധ്യക്ഷനായ പരിപാടിയിൽ നിയമസഭാ സെക്രട്ടറി എ. എം. ബഷീർ മുഖ്യാതിഥിയായി.
യുവജനങ്ങളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക, വായനയെ പുനരുജ്ജീവിപ്പിക്കാൻ സഹായകമായ രീതിയിൽ ഗ്രാമപ്രദേശങ്ങളിലെ ഗ്രന്ഥശാലകളെ നവീകരിക്കുക, സ്കൂൾ ലൈബ്രറികൾ വിപുലീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മണ്ഡലത്തിൽ ‘അക്ഷര അരുവി’ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ടമായി 52 ഗ്രന്ഥശാലകാർക്കും 13 ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂളുകൾക്കും പുസ്തകങ്ങൾ വിതരണം ചെയ്തു. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിന്നുമാണ് പുസ്തകങ്ങൾ വാങ്ങിയത്.
പ്രാദേശിക വികസന നിധിയിൽ നിന്നും 6.25 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. ആര്യനാട് ഗവ. വി.എച്ച്.എസ്.എസ്സിൽ വച്ച് നടന്ന ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ലൈബ്രറി കൗൺസിൽ ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പിടിഎ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.