attingalvartha.com Exclusive
കിളിമാനൂർ : കിളിമാനൂർ എസ്. ഐ അകാരണമായി തന്നെ മർദിച്ചെന്നു കിളിമാനൂർ സ്വദേശിയായ റിട്ടയേർഡ് ഹെഡ് മാസ്റ്റർ ഡിവൈഎസ്പിക്ക് പരാതി നൽകി. ജൂൺ 28ന് രാത്രി 9 മണിയോടുകൂടി കിളിമാനൂർ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിനു മുൻപിൽ, കിളിമാനൂർ തിരുവനന്തപുരം റോഡിൻറെ കിഴക്കു വശത്തു നിന്ന റിട്ടയേർഡ് ഹെഡ് മാസ്റ്റർ റോഡിന്റെ പടിഞ്ഞാറുവശത്ത് നിർത്തിയിരുന്ന ഓട്ടോ റിക്ഷയെ കൈ കാണിച്ചു വിളിച്ചപ്പോൾ ആ സമയം അതുവഴി പോലീസ് വാഹനത്തിൽ വന്ന കിളിമാനൂർ എസ്‌ഐ യാതൊരു കാരണവും കൂടാതെ കയ്യിലിരുന്ന രണ്ടു വശവും പിത്തള കെട്ടിയ വടി കൊണ്ടു തന്റെ പൃഷ്ഠ ഭാഗത്ത് ശക്തിയായി രണ്ടടി അടിക്കുകയും ഉടൻ എസ്‌ഐ വാഹനത്തിൽ കയറി പോകുകയും ചെയ്‌തെന്ന് അദ്ദേഹം നൽകിയ പരാതിയിൽ പറയുന്നു. അടികൊണ്ടു നിലവിളിച്ചു പോയ അദ്ദേഹം വളരെ ബുദ്ധിമുട്ടി ഓട്ടോ വിളിച്ച് അതിൽ ഇരുന്ന് വീട്ടിലെത്തുകയും വേദന സഹിക്കാൻ കഴിയാതെ യാത്ര ചെയ്യാനും കഴിയാതെ രണ്ടു ദിവസത്തിന് ശേഷം ജൂലൈ ഒന്നിന് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തത്രെ. അടി കൊണ്ട ഭാഗം തൊലി പൊട്ടി നീരുവന്ന് സെപ്റ്റിക് ആയികൊണ്ടിരിക്കുന്നെന്നും അദ്ദേഹം പറയുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ആയ രേഖകളും അടി കൊണ്ട ഭാഗത്തെ ഫോട്ടോയും ഉൾപ്പടെ വെച്ചാണ് ഡിവൈഎസ്പിക്ക് പരാതി നൽകിയത്.
എന്നാൽ മദ്യലഹരിയിൽ റോഡിൽ നിന്നയാളെ താൻ ഓട്ടോയിൽ കയറ്റിവിടുക മാത്രമാണ് ചെയ്തതെന്നും മേൽ പറഞ്ഞപോലെ ഒരു അക്രമവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും കിളിമാനൂർ എസ്‌ഐ ആറ്റിങ്ങൽ വാർത്ത ഡോട്ട് കോമിനോട് പറഞ്ഞു.