വർക്കലയിൽ വസ്തു തർക്കം- അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു, മകനെ വാനിടിച്ചു കൊലപ്പെടുത്താൻ ശ്രമം

eiIBT3C11453

വർക്കല : വസ്തുവിൽ ഉൾപ്പെടുന്ന കടയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മാതാവിനും മകനും നേരെ ആക്രമണം. മാതാവിന്റെ കൈക്ക് വെട്ടേറ്റു. മകനെ ഒമിനി വാൻ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം. പ്രതി ഉൾപ്പെടെ മൂന്ന് പേരേയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വർക്കല താഴെവെട്ടൂർ ചുമട്താങ്ങി ജംഗ്ഷന് സമീപം വൈകുന്നേരം 6 മണിയോടെയാണ് സംഭവം. വെട്ടൂർ സ്വദേശികളായ റംസീന ബീവി , ഇളയമകൻ ബേബി എന്ന് വിളിക്കുന്ന ഷംനാദ്, കുറ്റകൃത്യം ചെയ്ത ശിഹാബുദ്ദീൻ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചുമടുതാങ്ങി ജംഗ്ഷനിൽ റംസീന ബീവിക്കും ശിഹാബുദ്ദീന്റെ സഹോദരിക്കും 3 സെന്റ് വീതം വസ്തു ഉണ്ട് . ഇതിൽ റംസീന ബീവിയുടെ വസ്തുവിൽ ഉള്ള ഷെഡിൽ പ്രവർത്തിച്ചിരുന്ന പച്ചക്കറി കടയുടെ മുൻഭാഗം റോഡിലേക്ക് തള്ളി നിൽക്കുന്നു എന്നാരോപിച്ചു തൊട്ടടുത്ത കടയുടമ വർക്കല നഗരസഭയിൽ പരാതി നൽകുകയും നഗരസഭയുടെ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കട അടയ്ക്കുകയും ചെയ്തിരുന്നു.

ഇന്ന് വൈകുന്നേരത്തോടെ ഈ കട മറ്റൊരാൾക്ക് വാടകയ്ക്ക് കൊടുക്കുന്നത് സംബന്ധിച്ചു സംസാരിക്കുമ്പോൾ ഇവിടെ മദ്യപിച്ചെത്തിയ ശിഹാബുദീനും റംസീന ബീവിയുമായി തർക്കം ഉണ്ടാവുകയും തുടർന്ന് റംസീന ബീവിയുടെ മൂത്ത മകൻ ഉല്ലാസുമായി വാക്കേറ്റം ഉണ്ടായി. തുടർന്ന് സുഹൃത്തിനോടൊപ്പം റംസീന ബീവിയുടെ വീടിന് മുന്നിൽ വാനിൽ എത്തിയ ശിഹാബുദ്ധീനുമായി റംസീനയുടെ മകനുമായി കയ്യേറ്റം ഉണ്ടാവുകയും വാനിൽ കരുതിയിരുന്ന വാൾ ഉപയോഗിച്ചു മകൻ ഉല്ലാസിനെ വെട്ടാൻ തുനിയുകയും മാതാവായ റംസീന ബീവി ഇത് തടയാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് റംസീന ബീവിയുടെ കൈക്ക് വെട്ടേറ്റത്.

തുടർന്ന് സംഭവം അറിഞ്ഞു ഇളയ മകൻ ഷംനാദ് എത്തുകയും ഈ സമയം ശിഹാബുദീനും കൂടെ ഉണ്ടായിരുന്ന സുഹൃത്തും കൂടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്‌തു. തുടർന്ന് ബൈക്കിൽ പിന്തുടർന്ന ഇളയമകൻ ഷംനദിനെ ശിഹാബുദ്ദീൻ ഒമിനി വാൻ ഉപയോഗിച്ച് ഇടിച്ചു തെറിപ്പിക്കുകയും ചെയ്‌തു. ഷംനാദിനെ ഇടിച്ചശേഷം വാൻ മതിലിൽ ഇടിച്ചു നിലക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

വാനിന്റെ അടിയിൽ കുടുങ്ങികിടന്ന ഷംനദിനെ നാട്ടുകാരാണ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെ അനന്തപുരി ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നില അതീവ ഗുരുതരമായി തുടരുന്നു.

മാതാവായ റംസീനയുടെ കയ്യിൽ വെട്ടേറ്റ് ഉണ്ടായ മുറിവ് അഴത്തിലുള്ളത് ആണെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൃത്യം ചെയ്ത ശിഹാബുദ്ധീന്റെ കൈയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിയായ ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലാണ്.

സംഭവത്തിൽ വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!