ശാസ്ത്രത്തെ ജനങ്ങളിൽ എത്തിക്കുന്നതിനായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് സയൻസ് ഓൺ വീൽസ്.
2023 ജനുവരി 23 കാസർഗോഡ് ജില്ലയിലെ ജി.എച്ച്.എസ്.എസ് ബാലൻതോഡിൽ നിന്നാണ് ഈ ശാസ്ത്ര വാഹനം യാത്ര ആരംഭിച്ചത്. ഒരു ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു സ്കൂളിലാണ് സയൻസ് ഓൺ വീൽസ് എത്തുക. തിരുവനന്തപുരം ജില്ലയിൽ നിന്ന് ഗവൺമെൻറ് എച്ച്.എസ്.എസ് തോന്നയ്ക്കൽ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ 13 ജില്ലകളിലൂടെ കടന്ന് ഈ ശാസ്ത്ര വാഹനം മാർച്ച് ഒന്നാം തീയതി ഗവൺമെൻറ് എച്ച്.എസ്.എസ്. തോന്നയ്ക്കലിൽ എത്തി. മാർച്ച് ഒന്നിന് സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 100 കുട്ടികൾക്ക് 50 പരീക്ഷണങ്ങൾ ചെയ്ത് അവതരിപ്പിക്കുന്നതിനുള്ള പരിശീലനം നൽകി. ബാംഗ്ലൂർ ആസ്ഥാനമായുള്ള അഗസ്ത്യ ഇൻറർനാഷണൽ ഫൗണ്ടേഷനാണ് കുട്ടികൾക്ക് വേണ്ട പരിശീലനം നൽകുന്നത്.
രണ്ടാമത്തെ ദിവസം, (മാർച്ച് 2 വ്യാഴാഴ്ച) പരിശീലിപ്പിച്ച വിദ്യാർത്ഥികൾ, മറ്റ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരീക്ഷണങ്ങളിലൂടെ ശാസ്ത്ര വസ്തുതകൾ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വേണുഗോപാലൻ നായരാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.
നാട്ടുരുചികളുടെ സ്വാദ് അറിയുന്നതിനായി – ഹാപ്പി ഡ്രിങ്ക്സ്, ചെറു ധാന്യങ്ങളുടെ ഗുണമറിയുവാനുള്ള മില്ലറ്റ് സ്റ്റാൾ , സ്കൂൾ കുട്ടികളുടെ മികവുകൾ അടുത്തറിയാനുള്ള പഠ നോത്സവം എന്നിവയും നടത്തി. ഈ പ്രദർശനം കാണുന്നതിനായി സമീപപ്രദേശങ്ങളിൽ സ്കൂളുകളിലെ കുട്ടികളും എത്തിയിട്ടുണ്ടായിരുന്നു.
ഈ പരിപാടിയുടെ സംസ്ഥാനതല സമാപന സമ്മേളനം മാർച്ച് രണ്ടാം തീയതി വ്യാഴാഴ്ച വൈകുന്നേരം 4. 30ന് ആരംഭിച്ചു. സയൻസ് & ടെക്നോളജിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ പ്രൊ. കെ. പി. സുധീർ അധ്യക്ഷനായ ചടങ്ങ് എംഎൽഎ .വി. ശശി ഉദ്ഘാടനം ചെയ്തു. സ്വാഗതം ആശംസിച്ചത് സ്കൂൾ പ്രിൻസിപ്പൽ ആയ ജെസ്സി ജലാൽ ആയിരുന്നു. സയൻസ് ഓൺ വീൽസ് എന്ന പദ്ധതിയെക്കുറിച്ച് പ്രൊ സുധീർ സർ വിശദീകരിച്ചു. എംസി ദത്തൻ ശാസ്ത്രത്തെക്കുറിച്ച് പ്രത്യേക പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ വേണുഗോപാലൻ നായർ, ഗ്രാമപഞ്ചായത്ത് മെമ്പർ തോന്നക്കൽ രവി, ഹയർ സെക്കൻഡറി വിഭാഗം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ അശോക് കുമാർ, അഗസ്ത്യ ഇന്റർനാഷണൽ ചീഫ് കൺസൾട്ടന്റ് അജിത് ബസു, കണിയാപുരം എ ഇ ഓ ജ്യോതി, പിടിഎ പ്രസിഡണ്ട് നസീർ, എസ് എം സി ചെയർമാൻ തോന്നക്കൽ രാജേന്ദ്രൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ശാസ്ത്രജ്ഞൻ ഡോക്ടർ ഷെറിൻ ബി നന്ദി രേഖപ്പെടുത്തി.