വർക്കലയിൽ പാരാഗ്ലൈഡിങിനിടെ രണ്ടുപേർ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയ സംഭവം, നരഹത്യ ശ്രമത്തിന് കേസെടുത്ത് പോലീസ്

eiMY90X47241

വർക്കല:പാരാഗ്ലൈഡിങിനിടെ രണ്ടുപേർ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയ സംഭവത്തിൽ നരഹത്യ ശ്രമത്തിന് കേസെടുത്ത് പോലീസ്.

ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് വർക്കല പാപനാശം ബീച്ചിൽ അപകടം ഉണ്ടായത്.ഹെലിപാഡിൽ നിന്നും ഗ്ലൈഡറിലേറി പറന്ന യുവതിയും പരിശീലകനുമാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട് കോയമ്പത്തൂർ ആർ.എസ്.പുരം സ്വദേശിനി പവിത്ര (28), ഇവരുടെ പരിശീലകൻ ഉത്തരാഖണ്ഡ് സ്വദേശി സന്ദീപ് (30) എന്നിവരാണ് ഒന്നര മണിക്കൂറോളം എൺപത് അടി ഉയരത്തിൽ ഹൈ മാസ്റ്റിൽ തൂങ്ങിക്കിടന്നത്.

കടലിൽ നിന്നും വീശിയടിച്ച ശക്തമായ കാറ്റിൽ ഗ്ലൈഡറിന്റെ നിയന്ത്രണം തെറ്റിയതാകാം അപകട കാരണമെന്നാണ് ഫയർഫോഴ്സ് നിഗമനം. ഹെലിപാഡിൽ നിന്നും ഗ്ലൈഡർ പറന്നുപൊങ്ങി അഞ്ഞൂറ് മീറ്ററോളം പറന്ന ശേഷമാണ് അപകടം ഉണ്ടായത്. പാപനാശം മെയിൻ ബീച്ചിലെ കൂറ്റൻ ഹൈമാസ്റ്റ് ലൈറ്റിലാണ് ഗ്ലൈഡർ കുടുങ്ങിയത്. തറയിൽ നിന്നും ഏതാണ്ട് എൺപത് മീറ്ററോളം ഉയരത്തിലാണിവർ തൂങ്ങിക്കിടന്നത്. ഗ്ലൈഡറിലെ ഇരിപ്പിടത്തിൽ നിന്നും വഴുതിപ്പോകാഞ്ഞതിനാൽ ഭാഗ്യവശാൽ രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാർ വിവരം അറിയിച്ചതിനേ തുടർന്ന് ഫയർഫോഴ്സ്,പോലീസ്,കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി. പവിത്രയും സന്ദീപും കുടുങ്ങിക്കിടന്നത് എൺപതടിയോളം ഉയരത്തിലായതിനാൽ രക്ഷാപ്രവർത്തനത്തിനുള്ള ഉപാധികൾ ഫയർഫോഴ്സിന് ഉണ്ടായിരുന്നില്ല. പോലീസും കെ.എസ്.ഇ.ബി അധികൃതരുമായി ചർച്ച നടത്തിയ ശേഷം ഹൈമാസ്റ്റ് ലൈറ്റിന്റെ ടോപ്പർ താഴേക്കിറക്കാൻ തീരുമാനിച്ചു. ഇതിനിടയിൽ ലൈറ്റിന് ചുറ്റിലുമായി ഫയർഫോഴ്സ് സേഫ്റ്റ് നെറ്റ് ഉപയോഗിച്ചു സുരക്ഷിത വലയവും ഒരുക്കി. കുടുങ്ങിക്കിടന്നവർ ഏതെങ്കിലും വിധത്തിൽ താഴേക്ക് വീഴാനുള്ള സാഹചര്യമുണ്ടായാൽ പരിക്കേൽക്കാതിരിക്കാനായിരുന്നു ഈ കരുതൽ.

തുടർന്ന് ഹൈമാസ്റ്റ് ലൈറ്റിലെ ലിവർ തിരിച്ച് ടോപ്പർ പതിയെ താഴേക്കിറക്കി. ഇരുപത് അടിയോളം ടോപ്പർ താഴേക്ക് ഇറങ്ങിയപ്പോഴാണ് ഇതിൽ കുടുങ്ങിക്കിടന്ന പവിത്രയും സന്ദീപും ഗ്ലൈഡറിന്റെ ചരടുകൾ പൊട്ടി താഴേക്ക് വീണത്. ഭാഗ്യവശാൽ ഇവർ താഴെ സജ്ജീകരിച്ച സുരക്ഷാ വലയിൽ പതിക്കുകയും ചെയ്തു. ഉടനെ തന്നെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ ഇവരെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രഥമിക ചികിത്സക്ക് ശേഷം പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!