വിദ്യാർത്ഥികൾക്കിടയിലേക്കാണ് അമിത വേഗതയിൽ കാർ ഇടിച്ചു കയറ്റിയത്, ആറ്റിങ്ങൽ സ്വദേശിയായ എംഎ ഇംഗ്ലീഷ് വിദ്യാർത്ഥിനി ശ്രേഷ്ഠ മരണപ്പെട്ടു
കല്ലമ്പലം : കല്ലമ്പലത്തെ നടുക്കിയ വാഹനാപകടത്തിൽ ഡ്രൈവർ അറസ്റ്റിൽ. കൊല്ലം, ഈഞ്ചവിള, ചിറ്റയം, വിജയ വിഹാറിൽ ബിജു(50) ആണ് അറസ്റ്റിലായത്. ഇയാൾ ഓടിച്ചിരുന്ന ടൊയോട്ട ഫോർച്യൂണർ കാർ (KL02BQ6345) ആണ് വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചു കയറിയത്.
അപകടത്തിൽ കെ ടിസിടി കോളേജിലെ എംഎ ഇംഗ്ലീഷ് വിദ്യാർത്ഥിനി ആറ്റിങ്ങൽ മാമം ശ്രീ സരസിൽ ശ്രേഷ്ഠ എം വിജയ് മരണപ്പെട്ടു.
ഇന്നലെ വൈകുന്നേരം 3 മണി കഴിഞ്ഞാണ് സംഭവം. ദേശീയ പാതയിൽ കല്ലമ്പലം പോലീസ് സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന കെടിസിടി കോളേജിൽ പഠിക്കുന്ന വിദ്യാർഥികൾ പഠനം കഴിഞ്ഞ് കോളേജിനു അടുത്തുള്ള ആയാംകോണം ജംഗ്ഷനിൽ ആറ്റിങ്ങൽ ഭാഗത്തേക്ക് പോകാൻ ബസ് കാത്ത് നിൽക്കുകയായിരുന്നു. ഏകദേശം 15ലധികം വിദ്യാർത്ഥികൾ അവിടെ ഉണ്ടായിരുന്നു. ഒരു സ്വകാര്യ ബസ് വന്ന് അതിലേക്ക് കുട്ടികൾ കയറാൻ ഒരുങ്ങുമ്പോഴാണ് കൊല്ലം ഭാഗത്ത് നിന്നും അമിത വേഗതയിൽ ടൊയോട്ട ഫോർച്യൂണർ കാർ (KL02BQ6345)ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുന്നത്. നിർത്തിയിട്ട് ആളെ കയറ്റിക്കൊണ്ട് നിന്ന ബസ്സിന് പുറകിലും ഇടിച്ച ശേഷമാണ് വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചു കയറിയത്. വിദ്യാർത്ഥികൾ കാറിന് അടിയിലായപ്പോഴും കാർ ഡ്രൈവർ രക്ഷപ്പെടാൻ വാഹനം പുറകോട്ട് എടുക്കുകയും വിദ്യാർത്ഥികളുടെ ദേഹത്തു കാർ കയറി ഇറങ്ങുകയും ചെയ്തു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഓടിക്കൂടിയ നാട്ടുകാരും മറ്റു വിദ്യാർത്ഥികളും കാറിൽ അടിച്ചു ബഹളം വെച്ചപ്പോഴാണ് കാർ നിർത്താൻ ഡ്രൈവർ തയ്യാറായത്. നാട്ടുകാരും മറ്റു വിദ്യാർത്ഥികളും ചേർന്ന് കാറിനു അടിയിൽ പെട്ട വിദ്യാർത്ഥികളെയും കാറിടിച്ചു പരിക്കേറ്റ മറ്റു വിദ്യാർത്ഥികളെയും തൊട്ടടുത്തുള്ള കെടിസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ ശ്രേഷ്ഠ മരണപ്പെടുകയായിരുന്നു. ചാത്തൻപാറ കല്ലമ്പള്ളി വീട്ടിൽ സഫിൻഷാ (21), കോരാണി ഇടയ്ക്കോട് ആസിയ മൻസിലിൽ ആസിയ (21) എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പുന്നോട് ഷെരീഫ് മൻസിലിൽ ഫഹദ്(19), കാട്ടുചന്ത പുത്തൻവീട് പൊയ്കവിളയിൽ ആയിഷ നാസർ (19), പെരുമാതുറ വലിയവിളാകം വീട്ടിൽ ആമിന(18), വഞ്ചിയൂർ അരുണോദയത്തിൽ അരുണിമ(19), നിലയ്ക്കാമുക്ക് മണിമുത്ത് മന്ദിരത്തിൽ വീണ(20), ചാത്തന്നൂർ ശീമാട്ടി മഞ്ചു വിഹാറിൽ പ്രിൻസ് (20), നിലമേൽ വാഴോട് കൊപ്പത്തിൽ ഹൗസിൽ നിഹാൽ(21), മുടപുരം തെന്നൂർകോണം പുന്നവിള കോളനിയിൽ ആതിര(18), കഠിനംകുളം അനുഗ്രഹയിൽ ആദിത്യൻ(18), കോരാണി മാമം അരവിന്ദത്തിൽ ഗംഗ(21), വക്കം വട്ടവിളവീട്ടിൽ ആദിത്(19), മാമം കിഴുവിലം പുതുവൽവിള വീട്ടിൽ സുമിന(22), പെരുംകുളം വിളക്കുടി വിളവീട്ടിൽ അൽഫിയ(21), പെരുങ്കുഴി പുതിയറ വീട്ടിൽ സൂര്യമുരളി(19), ചന്ദ്രബാബു വിലാസത്തിൽ അരുണിമ(19), തുടങ്ങി 16ഓളം വിദ്യാർത്ഥികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.