കന്യാകുളങ്ങര : യുവാവ് കിണറ്റിൽ കുടുങ്ങി കിടന്നത് മൂന്ന് ദിവസം. കന്യാകുളങ്ങരയ്ക്കു സമീപം കൊഞ്ചിറ നാലുമുക്ക് വിളയിൽവീട്ടിൽ പ്രദീപാണ്(38) മൂന്നു ദിവസം മുമ്പ് വൈകുന്നേരം വീടിന് സമീപത്തുള്ള കിണറ്റിലെ തൂണിൽ ചാരിയിരുന്ന് ഫോൺ ചെയ്യുന്നതിനിടയിൽ തൂണ് മറിഞ്ഞ് പ്രദീപ് 20 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. എന്നാൽ ആ സമയം വീട്ടിൽ ആരും ഇല്ലാത്തതിനാൽ ആരും ഒന്നും അറിഞ്ഞില്ല. പ്രദീപും അമ്മയും മാത്രമായിരുന്നു വീട്ടിൽ താമസം. അമ്മ ബന്ധുവീട്ടിൽ പോയിരുന്നു. മൂന്നടിയോളം വെള്ളം ഉള്ള കിണറ്റിൽ വീഴ്ചയിൽ പ്രദീപിന് പരിക്ക് പറ്റിയെങ്കിലും കിണറ്റിന്റെ വശങ്ങളിൽ പ്രദീപ് പിടിച്ചിരുന്നു. കിണറ്റിൽ കിടന്ന് പലതവണ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. വെള്ളിയാഴ്ച ഉച്ചയോടെ കിണറിനു സമീപത്തുകൂടി പോയ നാട്ടുകാരനായ ഒരാൾ കിണറ്റിൽ ശബ്ദം കേട്ടു നോക്കിയപ്പോഴാണ് പ്രദീപിനെ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. നെടുമങ്ങാട് ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജികുമാറിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ അനൂപ്, രഞ്ചു, സന്തോഷ് കുമാർ, ബിജു, ബിജിൽ എന്നിവരടങ്ങുന്ന സംഘം പ്രദീപിനെ പുറത്തെടുത്തു. ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.