ഫുട്‌ബോൾ കളിച്ചുകൊണ്ടിരുന്ന യുവാവിനെ സംഘം ചേർന്ന് മർദ്ധിച്ച കേസിൽ നാല് പേർ വർക്കല പോലീസിന്റെ പിടിയിലായി.
വെട്ടൂർ സ്വദേശികളായ സുധി , അജി , നന്ദു ശിവാ, അനന്തു എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാർച്ച് ഏഴിനായിരുന്നു വെട്ടൂർ വലയന്റെ കുഴി സ്വദേശിയായ സുമേഷിനെ സംഘം ക്രൂരമായി മർദ്ധിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 7 ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം.
വയൽഗ്രൗണ്ടിൽ ഫുട്ബാൾ കളിയിൽ ഏർപ്പെട്ട സുമേഷിനെ പ്രതികളായ നാലുപേരും ഗ്രൗണ്ടിലെത്തി മുൻവൈരാഗ്യത്തിന്റെ പേരിൽ അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് പാറക്കല്ലു ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയും മൂക്കിന് പൊട്ടൽ സംഭവിക്കുകയും ചെയ്തു. നെറ്റിയിലും കണ്ണിന്റെ ഭാഗത്തും ഇയാൾക്ക് പരിക്കുണ്ട്. കഴുത്തിന്റെ ഭാഗത്തെ ഞരമ്പിനും ക്ഷതം സംവവിച്ചിട്ടുണ്ട്.
ആറ്റുകാൽ പൊങ്കാല കഴിഞ്ഞു തിരികെ എത്തിയ മാതാവ് രക്തം വാർന്നു ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന മകനെയാണ് കണ്ടത്. പ്രതികൾക്ക് എതിരെ അസഭ്യം വിളിച്ചതിനും കയ്യേറ്റശ്രമത്തിനും സുമേഷ് മുൻപ് പോലീസിൽ പരാതി നൽകുകയും പിന്നീടത് ഒത്തുതീർപ്പ് ആവുകയും ചെയ്തിരുന്നു. പരാതിയിലുള്ള വിരോധം കൊണ്ടാണ് പ്രതികൾ ആക്രമിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കേസ് ഒത്തുതീർപ്പ് ആക്കണമെന്ന് ആവശ്യപ്പെട്ട് ഹോസ്പിറ്റലിൽ വച്ചു പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്നും അതല്ലെങ്കിൽ വീണ്ടും ഉപദ്രവിക്കുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നുള്ള ഭീഷണിയും പ്രതികളുടെ ഭാഗത്ത് നിന്നും ഉണ്ടായതായും സുമേഷിന്റെ കുടുംബം പറയുന്നുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സ തേടിയ യുവാവിനെ ഇപ്പോൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.