പെരുമാതുറയിലെ പതിനേഴുകാരനായ ഇര്‍ഫാന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കസ്റ്റഡിയിലെടുത്ത ഇര്‍ഫാന്റെ സുഹൃത്ത് ഫിറോസിനെ കഠിനംകുളം പൊലീസ് ചോദ്യം ചെയ്യുകയാണ്. ഫിറോസാണ് ഇര്‍ഫാനെ വീട്ടില്‍ നിന്നും ഇറക്കികൊണ്ടുപോയത്. അമിതമായി മയക്കുമരുന്ന് ഉള്ളില്‍ ചെന്നാണ് ഇര്‍ഫാന്‍ മരിച്ചതെന്നാണ് വിലയിരുത്തല്‍.
ചൊവ്വാഴ്ച രാവിലെയാണ് പെരുമാതുറ തെരുവില്‍ വീട്ടില്‍ ഇര്‍ഫാന്‍ മരിച്ചത്. തിങ്കളാഴ്ച രാവിലെ 6ന് രണ്ടു സുഹൃത്തുക്കള്‍ എത്തുകയും ഇര്‍ഫാനെ വീട്ടില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
ഏഴുമണിയോടെ ഒരാള്‍ ഇര്‍ഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളഞ്ഞു. വീട്ടിലെത്തിയ ഇര്‍ഫാന്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ഛര്‍ദിക്കുകയും ചെയ്തു. ഉടന്‍തന്നെ റജില സമീപത്തെ ആശുപത്രിയിലേക്ക് ഇര്‍ഫാനെ കൊണ്ടുപോയി. ഏതോ ലഹരി ഉപയോഗിച്ചതായി ഡോക്ടര്‍ റജിലയോട് പറഞ്ഞു. പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും രണ്ടു മണിയോടെ ഇര്‍ഫാന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെത്തിച്ചപ്പോഴേക്കും ഇര്‍ഫാന്‍ മരിച്ചിരുന്നു. മകന് സുഹൃത്തുക്കള്‍ മയക്കുമരുന്ന് നല്‍കിയിരുന്നതായി ഇര്‍ഫാന്റെ അമ്മ ആരോപിച്ചു.