പുതിയ ബഹുനില മന്ദിരം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര പഠന സൗകര്യങ്ങളൊരുക്കി മച്ചേല്‍ എല്‍.പി സ്‌കൂള്‍ ഇനി കൂടുതല്‍ സ്മാര്‍ട്ടാകും. സ്‌കൂളില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പുതിയ ബഹുനില മന്ദിരം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. അടുത്ത അധ്യയന വര്‍ഷത്തില്‍ ഒന്ന് മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ സമഗ്ര വികസനത്തിന് വിദ്യാഭ്യാസ വകുപ്പ് ഊന്നല്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി അധ്യാപകര്‍ പഠനത്തോടൊപ്പം കുട്ടികളുടെ പാഠ്യേതര കഴിവുകള്‍ കൂടി കണ്ടെത്തി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ഇരുനിലകളിലായി ആറ് ക്ലാസ് മുറികള്‍, വരാന്ത, ശുചിമുറികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഭാവിയില്‍ ഒരു നില കൂടി പണിയാന്‍ സാധിക്കുന്ന തരത്തിലാണ് കെട്ടിടം പണിതിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ സ്ഥലപരിമിതി ഒഴിവാക്കാന്‍ ഇത് സഹായകമാകും. പ്രീ പ്രൈമറി, എല്‍.പി വിഭാഗങ്ങളിലായി 114 കുട്ടികളാണ് നിലവില്‍ സ്‌കൂളില്‍ പഠിക്കുന്നത്. ഐ.ബി സതീഷ് എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. പ്രീജ , മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.