ലണ്ടനിൽ സ്വദേശികളായ യുവാക്കളുടെ മർദനത്തിൽ തിരുവനന്തപുരം സ്വദേശി മരിച്ചു. ലണ്ടനിലെ സൗത്താളിന് സമീപം ഹാന്‍വെല്ലിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സൗത്താളില്‍ താമസിക്കുന്ന തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശി ജെറാള്‍ഡ് നെറ്റോ (62) ആണ് മരിച്ചത്.
ശരീരമാസകലം ക്രൂരമായ മർദനത്തിന് ഇരയായി ചികിത്സയിലായിരുന്ന ജെറാൾഡ് നെറ്റോ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജെറാള്‍ഡ് നെറ്റോയെ പൊലീസ് പട്രോള്‍ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമായത്.
സംഭവത്തിൽ മൂന്ന് പേരെ മെട്രോപൊളിറ്റന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ജെറാൾഡ് നെറ്റോയെ ആക്രമിച്ചവരും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
ശനിയാഴ്ച അര്‍ദ്ധരാത്രിയിലാണ് ജെറാള്‍ഡ് നെറ്റോയ്ക്ക് മര്‍ദനമേറ്റത്. ഞായറാഴ്ച പുലര്‍ച്ചെയാണ് പൊലീസ് സംഘം ഇദ്ദേഹത്തെ പരിക്കുകളോടെ കണ്ടെത്തിയത്. അറസ്റ്റിലായ രണ്ട് പേര്‍ 16 വയസുകാരും ഒരാള്‍ 20 വയസുകാരനുമാണ്.
50 വർഷം മുമ്പാണ് ജെറാള്‍ഡ് നെറ്റോയുടെ കുടുംബം യുകെയില്‍ എത്തിയത്. സൗത്താളിലാണ് കുടുംബം താമസിക്കുന്നത്. ഭാര്യ – ലിജിന്‍ ജെറാള്‍ഡ് നെറ്റോ. മക്കള്‍ – ജെനിഫര്‍ ജെറാള്‍ഡ് നെറ്റോ. സ്റ്റെഫാന്‍ ജെറാള്‍ഡ് നെറ്റോ. സംസ്‍കാരം ലണ്ടനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.