പെരുമാതുറ : ലഹരി വിൽപ്പനയും ഉപയോഗവും വ്യാപകമാണെന്ന പരാതികളെ തുടർന്ന് പെരുമാതുറയിലും പരിസര പ്രദേശങ്ങളിലും പോലീസും എക്സൈസും സംയുക്ത പരിശോധന നടത്തി.
പെരുമാതുറ ബീച്ച്, ഒറ്റപന, ചേരമാൻതുരുത്ത്, പുതുക്കുറിച്ചി, കൊട്ടാരംതുരുത്ത് ഭാഗങ്ങളിൽ ഉച്ചയോടെ ആരംഭിച്ച പരിശോധന വൈകുന്നേരം 6 മണിവരെ നീണ്ടു.
ആറ്റിങ്ങൽ എക്സൈസ്സ് സർക്കിൾ ഇൻസ്പെക്ടറുടെയും കഠിനംകുളം പോലീസ് ഇൻസ്പെക്ടറുടെയും തിരുവനന്തപുരം എക്സ്സൈസ് ഐ.ബി ടീംമിൻ്റെയും സംയുക്ത നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്.
ആറ്റിങ്ങൽ എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ ഷിബു, കഠിനംകുളം പോലീസ് സബ് ഇൻസ്പെക്ടർ ഷിജി, എക്സ്സൈസ് ഐ.ബി ഇൻസ്പെക്ടർ മധു, കഴക്കൂട്ടം എക്സ്സൈസ് ഇൻസ്പെക്ടർ സുധീഷ്കൃഷ്ണ ചിറയിൻകീഴ് എക്സ്സൈസ് ഇൻസ്പെക്ടർ ഷാനവാസ് കിളിമാനൂർ എക്സ്സൈസ് ഇൻസ്പെക്ടർ ദീപക് എന്നിവരും പോലീസിലെയും എക്സ്സൈസിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.
എന്നാൽ ഈ മിന്നൽ പരിശോധന വെറും പ്രഹസനമാണെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്തെ ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നതും ഏജന്റ് മാരായ് പ്രവർത്തിയ്ക്കുന്നവർ ഉൾപ്പെടെയുള്ളവരുടെ അഡ്ഡ്രസ്സ് പേര് വിവരങ്ങൾ ഉൾപ്പെടെ, പരാതി നൽകിയിട്ടുണ്ടെന്നും, ഇവരുടെ വീടുകളിലോ, സ്ഥിരം കേന്ദ്രങ്ങളിലോ പരിശോധന നടത്തുവാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ലെന്നും ഇതിനു കരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
പെരുമാതുറയിൽ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ 17 കാരന്റെ മരണം, സുഹൃത്തുക്കൾ അമിതമായി ലഹരിവസ്തുക്കൾ നൽകിയതാണെന്ന ആരോപണം ഉയർന്നിരുന്നു. തുടർന്ന് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേത്രത്വത്തിൽ പോലീസ് – ആക്സൈസ് സംവിധാനങ്ങൾക്കെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.