വർക്കല ഹെലിപ്പാട് നോർത്ത് ക്ലിഫിൽ പ്രവർത്തിക്കുന്ന ഹിൽ വ്യൂ റിസോർട്ടിലെ യോഗ സെന്ററിൽ ആണ് ഇന്ന് രാവിലെ 8.45 ഓടെ തീപിടുത്തം ഉണ്ടായത്. വിദേശികൾ ഉൾപ്പെടെ നിരവധിപേർ ഈ സമയം യോഗ ചെയ്യാനായി ഇവിടെ ഉണ്ടായിരുന്നു. തീ പടർന്ന് പിടിക്കുന്നത് കണ്ടതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞു വർക്കല ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.
ഷീറ്റ് മേഞ്ഞ യോഗ ഹാളിന് താഴെയായി അലങ്കാര തുണികൾ കൊണ്ട് ഭംഗി പിടിപ്പിച്ചിരുന്നു.
യോഗ ഹാളിനോട് ചേർന്നുള്ള റൂമിലെ ഫാനിൽ നിന്നും ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തകാരണമായി പറയുന്നത്. ഫാനിന്റെ സ്വിച്ച് ഇടുന്ന സമയം ഫാനിലെ ഇലക്ട്രിക് കേബിളിൽ നിന്നും സ്പാർക്ക് ഉണ്ടാവുകയും അലങ്കാര തുണികളിലേക്ക് തീ പടരുകയും ആയിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിൽ പ്രദേശത്ത് നല്ല മഴ ഉണ്ടായിരുന്നു. ഇതുമൂലം കേബിളിലേക്ക് വെള്ളം ഇറങ്ങിയതാവാം ഷോർട്ട്സർക്യൂട്ട് ഉണ്ടാവാൻ കാരണമായത് എന്നാണ് നിഗമനം. ഒരു ലക്ഷം രൂപയോളം നാശനഷ്ടം ഉണ്ടായിട്ടുണ്ട് എന്നാണ് ഫയർഫോഴ്സ് അധികൃതർ നൽകുന്ന വിവരം.
അശാസ്ത്രീയമായ ഇലക്ട്രിക് സംവിധാനമാണ് ഇതുപോലുള്ള മിക്ക റിസോർട്ടുളിലും യോഗ സെന്ററുകളിലും ഉള്ളത് . തീപിടുത്തം ഉണ്ടാവാൻ ഇത് ഒരു കാരണമായി പല ഘട്ടങ്ങളിലും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടുള്ളതും ആണ്. എന്നാൽ ഇക്കാര്യത്തിൽ നാളിതുവരെ വേണ്ട ശ്രദ്ധ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്.
ഇടുങ്ങിയ ഇടറോഡുകൾ ഒരുപാടുള്ള നോർത്ത് ക്ലിഫ് മേഖലയിൽ തീപിടുത്തം ഉണ്ടായാൽ ഫയർ ഫോഴ്സ് വാഹനങ്ങൾക്ക് എത്തിച്ചേരാനുള്ള വഴികൾ ഇല്ല എന്നുള്ളതും വലിയൊരു വെല്ലുവിളി ആയി നാട്ടുകാർ ചുണ്ടിക്കാട്ടിയിട്ടുള്ളതാണ്. പരിഹാരമെന്നോണം
ഫയർ ഹൈഡ്രന്റ് സംവിധാനം ഉൾപ്പെടെയുള്ളവ പ്രദേശത്ത് സ്ഥാപിക്കണം എന്നുള്ള ഫയർ ഫോഴ്സിന്റെ നിർദേശവും നാളിതുവരെ നടപ്പിലാക്കിയിട്ടില്ല.
യോഗ ഹാളിനോട് ചേർന്ന് വലിയൊരു മാലിന്യ കൂമ്പാരം തന്നെയുണ്ട്. ഹോട്ടൽ മാലിന്യങ്ങൾ ഉൾപ്പെടെ ഇവിടെ തള്ളിയിട്ടുണ്ട്. ഇതിലേക്കും തീ പടരാനുള്ള സാഹചര്യം ഉണ്ടായിരുന്നു.
								
															
								
								
															
				

