ഷാർജയിൽ മലയാളി യുവാവിനെ പുറംകടലിൽ കാണാതായി. വർക്കല ഓടയം വിഷ്ണു നിവാസിൽ അഖിൽ (33)നെയാണ് പുറംകടലിൽ കാണാതായത്.
ഇക്കഴിഞ്ഞ മാർച്ച് 20 ന് വൈകുന്നേരത്തോടെ ആണ് സംഭവം. മാർച്ച് 21 ന് ആണ് കുടുബത്തിന് അപകടത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. ജോലി ചെയ്തിരുന്ന കപ്പലിൽ നിന്ന് മീൻ പിടിക്കുന്നതിൽ ഏർപ്പെടവെ ശക്തമായ തിരയിൽ കപ്പൽ ഉലഞ്ഞതോടെ കാൽ വഴുതി കടലിലേക്ക് വീഴുകയായിരുന്നു എന്നാണ് കുടുബത്തിന് ലഭിച്ച വിവരം.
അഖിലിനെ രക്ഷിക്കുന്നതിനായി ലൈഫ് റിങ് എറിഞ്ഞു കൊടുക്കുകയും സഹപ്രവർത്തകനായ വിനോദ് ലോഖണ്ഡേ എന്നയാൾ രക്ഷിക്കുന്നതിനായി റോപ്പുമായി കൂടെ ചാടുകയും ചെയ്തു. എന്നാൽ ചുഴിയും അടിയൊഴുക്കും ഉണ്ടായിരുന്നതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല. ഏറെ നേരം കഴിഞ്ഞിട്ടും രണ്ട് പേരെയും കാണാതായതോടെ , ഷിപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് എത്തി രക്ഷാപ്രവർത്തനം നടത്തുകയും സഹപ്രവർത്തകനെ രക്ഷിക്കാനും കഴിഞ്ഞു. എന്നാൽ അഖിലിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഷിപ്പിൽ നിന്നും മറ്റ് ഷിപ്പുകളിലേക്കോ തുറമുഖത്തേയ്ക്കോ ആശയവിനിമയം നടത്തുന്നതിനുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നു. അപകടം നടന്നിട്ട് 6 ദിവസം പിന്നിടുന്നു. സാങ്കേതികപ്രശ്നങ്ങൾ ഉള്ളത് കൊണ്ട് തന്നെ 3 ദിവസത്തോളം രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞിരുന്നില്ല. വീണ്ടും കഴിഞ്ഞദിവസം തിരച്ചിൽ തുടർന്നിട്ടുണ്ട്.
ഏതെങ്കിലും ഷിപ്പിലോ തുറമുഖത്തോ അഖിൽ രക്ഷപ്പെട്ടു എത്തിയിട്ടുണ്ടാവാം എന്ന പ്രതീക്ഷ കുടുബത്തിന് ഉണ്ട്. എന്നാൽ വ്യക്തയമൊരു വിവരം തുടർന്ന് കുടുബത്തിന് ലഭിച്ചിട്ടില്ല എന്നത്കൊണ്ട് തന്നെ കുടുംബം ആകെ വിഷമത്തിലാണ്.കപ്പൽ നിലവിൽ ഉള്ള പ്രദേശം പല രാജ്യങ്ങളുടെയും സമുദ്രഅതിർത്തിയിൽ ആയതിനാൽ തന്നെ കടലിൽ നിന്ന് ആരെയെങ്കിലും കണ്ടെത്തിയാൽ അതാത് രാജ്യത്തെ സുരക്ഷാ മുൻനിർത്തി കരുതൽ നടപടികൾ ആ രാജ്യത്തിന് ഉണ്ടാകും. അത്കൊണ്ട് തന്നെ വിവരങ്ങൾ പുറത്തു വിടില്ല എന്നുള്ളത് ആണ് നിലവിൽ ലഭ്യമായ വിവരം.
ഷാർജ സെയ്ഫ് സോണിൽ ആസ്ഥാനമായിട്ടുള്ള ഡാനിയേൽ സർവേയിങ് ഫ്രീസോൺ എന്ന കമ്പനിയിലാണ് കരാർ അടിസ്ഥാനത്തിൽ അഖിൽ ജോലി ചെയ്യുന്നത്. സർവേ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ടഗ് ബോട്ട് പോലുള്ള ഷിപ്പിലായിരുന്നു അഖിൽ സെക്കന്റ് ഓഫീസർ ആയി ജോലി നോക്കിയിരുന്നത്. ബോംബെ ആസ്ഥാനമായ ഷിരാജ് ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസി മുഖാന്തിരം ആണ് അഖിലിന് ജോലി ലഭിക്കുന്നത്. 2022 ജൂലൈ മാസത്തിൽ ആണ് വിവാഹം കഴിഞ്ഞു അഖിൽ ജോലിക്കായി പോകുന്നത്. ഓഗസ്റ്റ് മാസത്തിലാണ് ഡാനിയേൽ സർവേയിങ് ഫ്രീസോൺ എന്ന കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. പല ഷിപ്പിംഗ് കമ്പനികളിലായി 6 വർഷത്തോളമായി അഖിൽ ജോലി ചെയ്തിരുന്നു.
പ്രാദേശികമായി അയിരൂർ പോലീസ് സ്റ്റേഷൻ ഉൾപ്പെടെയും നോർക്ക വഴിയും കേന്ദ്രവിദേശകാര്യ സഹമന്ത്രി മുരളീധരൻ , രാജ്ഭവൻ ഓഫീസ് , അടൂർ പ്രകാശ് എം പി, അഡ്വ വി ജോയ് എം എൽ എ , ബിനോയ് വിശ്വം എന്നിവരുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഇവരെല്ലാം തന്നെ പ്രശ്‌നത്തിൽ കഴിയുന്നത്ര ഇടപെടലുകൾ നടത്തുന്നുണ്ട് എന്നാണ് അഖിലിന്റെ പിതാവ് സുബേന്ദ്രൻ നായർ പറയുന്നത്.
സുബേന്ദ്രൻ നായർ – അംബിക ദമ്പതികളുടെ രണ്ട് മക്കളിൽ മുത്ത മകനാണ് അഖിൽ.
ഭാര്യ,- ആര്യ
സഹോദരൻ -ആകാശ്