ഞെക്കാട്ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച, ഹയർ സെക്കൻഡറി ബ്ലോക്ക് നിർമ്മാണം 100% പൂർത്തിയാക്കി, സ്കൂൾ അധികൃതർക്ക് കൈമാറി.
നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച വാപ്കോസ് അധികൃതരിൽ നിന്ന് കംപ്ലീഷൻ റിപ്പോർട്ടും താക്കോലും ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഏറ്റുവാങ്ങി സ്കൂൾ പ്രിൻസിപ്പൽ കെ കെ സജീവിന് കൈമാറുകയായിരുന്നു.
ചടങ്ങിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് സ്മിത സുന്ദരേശൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ചെമ്മരുതി ഡിവിഷൻ മെമ്പർ ഗീത നസീർ, ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ബിന, വൈസ് പ്രസിഡണ്ട് എൻ ജയപ്രകാശ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ ലിജ, വാർഡ് മെമ്പർ എസ് ഷിനി, പി ടി എ പ്രസിഡന്റ് കെ ഷാജികുമാർ, ഹെഡ്മാസ്റ്റർ എൻ സന്തോഷ്, വിഎച്ച്എസ്എസ് പ്രിൻസിപ്പൽ ഇ താജുദ്ദീൻ, വപ്കോസ് പ്രോജക്ട് മാനേജർ പി ജെ അജയകുമാർ, പ്രോജക്ട് എഞ്ചിനീയർ ജി സുദർശനൻ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, എസ് എം സി അംഗങ്ങൾ നിർമ്മാണ കമ്പനിയായ ഹെതർ കൺസ്ട്രക്ഷൻസിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മൂന്നു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഹയർ സെക്കൻഡറി ബ്ലോക്കിൽ ക്ലാസ് മുറികൾ, ലാബുകൾ, ഓഫീസ്, സ്റ്റാഫ് റൂം, സെമിനാർ ഹോൾ, ഓരോ ഫ്ലോറിലും ടോയ്ലറ്റ് സമുച്ഛയങ്ങൾ, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, റാമ്പ് , രണ്ട് സ്റ്റെയർ കേസുകൾ തുടങ്ങിയവ ഉൾപ്പെടുന്നുണ്ട്. അനുദിനം പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഞെക്കാട് സ്കൂളിൻറെ ഭൗതിക സൗകര്യ വികസനത്തിൽ പുതിയൊരു ചുവടുവെയ്പാണ് ഈ ഹയർ സെക്കൻഡറി മന്ദിരം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഹൈസ്കൂൾ മന്ദിരവും ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ക്ലാസ് മുറികളും കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഈ സ്കൂളിൽ ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നു.
പ്രാദേശിക വിഭവസമാഹരണത്തിലൂടെ
സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ ഹൈടെക് വിദ്യാലയമായി മാറിയ ഞെക്കാട് സ്കൂളിലെ ഊർജ്ജ ഉപഭോഗം സ്വയം പര്യാപ്തമാക്കി മാറ്റുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിയായ സോളാർ പ്ലാൻറ് നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി , വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 3000 വിദ്യാർത്ഥികൾ പഠിക്കുന്ന മാതൃകാ വിദ്യാലയം ആണ് ഞെക്കാട് സ്കൂൾ. അക്കാദമിക രംഗത്തും പഠ്യാനുബന്ധ പ്രവർത്തനങ്ങളിലും മികച്ച പ്രകടനമാണ് സ്കൂൾ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ആൺഎയിഡഡ്, സിബിഎസ്ഇ വിദ്യാലയങ്ങൾ ഉൾപ്പെടെ ഉള്ള സ്കൂളുകളിൽ നിന്ന് ഞെക്കാട് സ്കൂളിലെ അഡ്മിഷൻ വേണ്ടി ഏതാനും വർഷങ്ങളായി നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
ഈ വർഷത്തെ അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.
ഏപ്രിൽ 10ന് അഡ്മിഷൻ പ്രക്രിയ ആരംഭിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.