അരുവിക്കരയില്‍ ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി. മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അലി അക്ബറാണ് ഭാര്യയുടെ അമ്മ താഹിറയെ കൊലപ്പെടുത്തിയത്. ഭാര്യയെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വയം തീ കൊളുത്തിയ അലി അക്ബര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നു പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവമുണ്ടായത്. അലി അക്ബര്‍ മറ്റൊരു മുറിയില്‍ കിടന്നിരുന്ന ഭാര്യയുടെ അമ്മ താഹിറയെയാണ് ആദ്യം വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. വെട്ടേറ്റ താഹിറ മരിച്ചു. തുടര്‍ന്ന് ഭാര്യ മുംതാസിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി അധ്യാപികയാണ് മുംതാസ്
പിന്നീട് ഇയാള്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തി. ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ച് അലി അക്ബറെ ആശുപത്രിയിലാക്കിയത്. മുംതാസിനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലി അക്ബര്‍ നാളെ സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് സംഭവം.
കുടുംബവഴക്കാണ് കൊലപാതകത്തിലേക്കും അക്രമത്തിലേക്കും നയിച്ചതെന്ന് കരുതുന്നു. ഇരുനില വീട്ടിൽ അലി അക്ബർ മുകളിലെ നിലയിലും ഭാര്യയും ഭാര്യാമാതാവും താഴെത്തെ നിലയിലുമാണ് താമസം.
അലി അക്ബര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ വെളിപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ദമ്പതികളുടെ മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ കഴിയുന്ന മുംതാസിന്റെയും അലി അക്ബറിന്റെയും നില ഗുരുതരമാണെന്നാണ് സൂചന.