വാർധക്യത്തിന്റെ ഒറ്റപ്പെടലിൽ സൗഹൃദങ്ങളുടെയും കരുതലിന്റെയും തണലൊരുക്കി അരുവിക്കര ഗ്രാമപഞ്ചായത്തിന്റെ പകൽവീട്.
കളത്തുകാൽ കാവിൻപുറത്ത് നിർമിച്ച പകൽ വീടിന്റെ പ്രവർത്തനോദ്ഘാടനം ജി.സ്റ്റീഫൻ എംഎൽഎ നിർവഹിച്ചു.
പകൽസമയങ്ങളിൽ വീടുകളിൽ ഒറ്റയ്ക്കാകുന്ന വയോജനങ്ങൾ മാനസികമായി അനുഭവിക്കുന്ന സമ്മർദ്ദങ്ങളെ ലഘൂകരിക്കുന്നതിനുള്ള അന്തരീക്ഷമാണ് പകൽവീടിലൊരുക്കിയിരിക്കുന്നത്.
ലഘുവ്യായാമങ്ങൾ, വിനോദങ്ങൾ, ചെറിയ വരുമാനം ലഭ്യമാകുന്ന കൈത്തൊഴിലുകൾ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ പകൽവീട്ടിലുണ്ടാകും. പകൽവീടിൽ രജിസ്റ്റർ ചെയ്യുന്ന 60 കഴിഞ്ഞവർക്ക് സേവനം ലഭിക്കും. ഇവരെ പരിപാലിക്കുന്നതിനായി കെയർടേക്കർമാരെ പഞ്ചായത്ത് നിയമിക്കും.
അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ അതിദരിദ്രർക്കുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി നിർവഹിച്ചു. 38 പേർക്കാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്.