മംഗലപുരം: സർക്കാറിൻ്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം കണിയാപുരം ബി.ആർ സി.യുടെ നേതൃത്വത്തിൽ ഇടവിളാകം യു.പി സ്കൂളിൽ അനുവദിച്ച സ്റ്റാർസ് മാതൃകാ പ്രീ പ്രൈമറി വർണ്ണ കൂടാരത്തിൻ്റെ നിർമ്മാണം പൂർത്തിയായി.
പ്രീ പ്രൈമറി പഠനം അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കുന്നതിൻ്റെ ഭാഗമായി സർക്കാറിൻ്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി പ്രീ പ്രൈമറി വിഭാഗം കുട്ടികൾക്ക് അനുഭവത്തിലൂടെ പഠനം എന്ന ലക്ഷ്യത്തിൽ ഊന്നൽ നൽകി പത്ത് ലക്ഷം രൂപ ചെലവിൽ പതിമൂന്ന് ഇടങ്ങൾ സജ്ജമാക്കി. ഇവിടെ സ്ഥാപിച്ചിട്ടുള്ള പഠനോപകരണങ്ങൾ, ശാസ്ത്ര ഉപകരണങ്ങൾ, സംഗീത ഉപകരണങ്ങൾ എന്നിവ സ്വയം നിരീക്ഷിച്ചും, പരീക്ഷിച്ചും പഠനം സാധ്യമാകും. എല്ലാ ഇടങ്ങളിലും ഐ .ടി സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തും.
ഇടവിളാകം യു.പി.സ്കൂളിൽ നിലവിൽ നൂറിൽപ്പരം കുട്ടികൾ പ്രീ പ്രൈമറി വിഭാഗത്തിൽ പഠനം നടത്തുന്നുണ്ട്.പഠനം അന്താരാഷട്ര നിലവാരത്തിലേക്ക് മാറുന്നതിൻ്റെ സന്തോഷത്തിലാണ് രക്ഷാകർത്താക്കൾ .നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലാണ് സ്റ്റാർസ് പദ്ധതി നടപ്പിലാക്കുന്നത്. ഇടവിളാകം യു.പി.സ്കൂളിൽ പദ്ധതിയുടെ ഉദ്ഘാടനം അഞ്ച് ബുധനാഴ്ച്ച രാവിലെ 10.30 ന് വി.ശശി എം.എൽ.എ നിർവ്വഹിക്കും.