ആറ്റിങ്ങൽ :ആറ്റിങ്ങൽ പൂവൻപാറയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ചിറയിൻകീഴ് സ്വദേശി ശംഭുവിനാണ് പരിക്കേറ്റത്.
ഇന്ന് രാത്രി 7 അര മണി കഴിഞ്ഞാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് എതിർ ദിശയിൽ ശംഭു സഞ്ചരിച്ചു വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. പൂവൻപാറ പാലത്തിനു സമീപം മാടൻനട ക്ഷേത്രത്തിനടുത്താണ് അപകടം നടന്നത്. ഈ ക്ഷേത്രത്തിനു മുൻപിൽ റോഡിലുള്ള വെള്ളക്കെട്ട് കണ്ട് ബസ് വെട്ടി മാറ്റിയതാണ് അപകടകാരണമായി നാട്ടുകാർ പറയുന്നത്. തുടർന്ന് ശംഭുവിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. എന്നാൽ അപകടം സംഭവിച്ചിട്ടും ബസ് നിർത്താതെ പാഞ്ഞു പോയി. തുടർന്ന് നാട്ടുകാരും സമീപത്തെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നു പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
നിരവധി തവണ നാട്ടുകാരും മാധ്യമങ്ങളും പരാതിയും വാർത്തയും നൽകിയെങ്കിലും അധികൃതർ അറിഞ്ഞ ഭാവം പോലും നടിക്കാത്ത സ്ഥലത്ത് ആണ് ഇന്ന് വീണ്ടും അപകടം നടന്നത്. ദേശീയ പാതയിൽ ആറ്റിങ്ങൽ പൂവൻപാറ പാലത്തിനു സമീപം മാടൻനട ക്ഷേത്രത്തിനു മുൻപിലാണ് കുളം പോലെ വെള്ളം കെട്ടി നിൽക്കുന്നത്.
ഇവിടെ വെള്ളക്കെട്ട് കാരണം അപകടങ്ങൾ പതിവാണ്. മാത്രമല്ല, ഈ വെള്ളക്കെട്ട് കാരണം ക്ഷേത്രത്തിൽ എത്തുന്നവരും ബുദ്ധിമുട്ടുകയാണ്. ആശാസ്ത്രീയമായ റോഡ് നിർമാണം കാരണമാണ് ഇവിടെ വെള്ളക്കെട്ട് ഉണ്ടാവുന്നത് എന്നാണ് യാത്രക്കാർ പറയുന്നത്. എന്നാൽ ആര് എന്ത് പറഞ്ഞാലും അപകട സാധ്യത ഒഴിവാക്കി പരിഹാരം കാണാൻ അധികൃതർ തയ്യാറാവുന്നില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസമെന്ന് ജനങ്ങൾ അമർഷത്തോടെ പറയുന്നു.
Also read: ആറ്റിങ്ങൽ പൂവൻപാറയിൽ മരണക്കെണിയായി വെള്ളക്കെട്ട്! സ്കൂട്ടർ കാറിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്
https://www.facebook.com/attingalvartha/videos/3360877610795978/