വെഞ്ഞാറമൂട് : വെഞ്ഞാറമൂടിന് സമീപം പിരപ്പൻകോട്ടെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമൂഹസദ്യയിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കന്യാകുളങ്ങര സി എച്ച് സി, പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രി, വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് ആളുകൾ ചികിത്സ തേടിയത്.
പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ എട്ടാം ഉത്സവ ദിവസമായ ഇന്നലെ വിതരണം ചെയ്ത അന്നദാനം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് സംശയം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു. കുട്ടികളും സ്ത്രീകളും അടക്കമുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട് വരുന്നത്. ആയിരക്കണക്കിന് പേരാണ് ഇവിടെ നിന്ന് സദ്യ കഴിച്ചത്.
ഭക്ഷ്യ വിഷബാധ സംബന്ധിച്ച് ഡിഎംഒ അടക്കമുള്ളവർ അന്വേഷണം നടത്തി വരികയാണ്. ആയിരക്കണക്കിന് പേർ സദ്യയിൽ പങ്കെടുത്തതിനാൽ സദ്യയിൽ നിന്ന് തന്നെയാണോ വിഷബാധ ഏറ്റത് എന്ന കാര്യത്തിൽ സ്ഥിരീകരണം വരേണ്ടതുണ്ട്. ഛർദി അടക്കമുള്ള ലക്ഷണങ്ങളിലൂടെയാണ് മിക്കവരും ആശുപത്രിയിൽ ചികിത്സ തേടിയത്. ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
https://www.facebook.com/attingalvartha/videos/3360877610795978/