Search
Close this search box.

വയോജന ക്ഷേമത്തിൽ മുന്നേറി, അംഗീകാര നിറവിൽ പനവൂർ ഗ്രാമപഞ്ചായത്ത്

IMG-20230421-WA0006

ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരത്തിന്റെ വലിയ സന്തോഷത്തിലാണ് പനവൂർ ഗ്രാമപഞ്ചായത്ത്. ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്‌കാരത്തിൽ, ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ആരോഗ്യകേരളത്തിന്റെ ഭൂപടത്തിൽ സ്വന്തമായൊരിടം വരച്ചു ചേർത്തിരിക്കുകയാണ് പനവൂർ ഗ്രാമപഞ്ചായത്ത്.

നിരവധി ജനക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കിയെങ്കിലും മറ്റ് പഞ്ചായത്തുകളിൽ നിന്നും പനവൂരിനെ വേറിട്ട് നിർത്തുന്ന പദ്ധതിയാണ് വയോ സൗഹൃദ ഗ്രാമം. പ്രായമേറിയാൽ വീടിനുള്ളിൽ ഒതുങ്ങിക്കൂടേണ്ടി വരുന്ന വയോജനങ്ങളുടെ ആരോഗ്യ പരിപാലനം ആയിരുന്നു പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യം വെച്ചത്. പ്രായമായവരുള്ള വീടുകളിൽ ഡോക്ടർമാർ നേരിട്ടെത്തി നൽകിയ സേവനവും ഇതിന് മുതൽക്കൂട്ടായി. എന്നാൽ ശാരീരിക ആരോഗ്യ പരിപാലനത്തിൽ മാത്രം പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ ഒതുങ്ങിയില്ല. വയോ ജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി നാലുലക്ഷം രൂപ ചെലവഴിച്ച് വിനോദയാത്ര നടത്തി. മൂന്ന് ദിവസങ്ങളിലായി അഞ്ചു ബസുകളിൽ ഗ്രാമപരിധിയിലെ 900 വയോജനങ്ങളെ ഉൾപ്പെടുത്തി ആയിരുന്നു യാത്ര. കൂടാതെ ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾക്കും മരുന്നുകൾക്കും മറ്റ് സേവനങ്ങൾക്കുമായി ഒൻപത് ലക്ഷത്തിലധികം രൂപയാണ് വയോ സൗഹൃദ ഗ്രാമം പദ്ധതിക്കായി പഞ്ചായത്ത് ചെലവഴിച്ചത്. ഇത്തരത്തിൽ വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം പഞ്ചായത്തിന്റെ വലിയ പരിഗണനയായി മാറി.

കൂടാതെ സമഗ്ര ആരോഗ്യ മുന്നേറ്റത്തിനായുള്ള പാലിയേറ്റിവ് പ്രവർത്തനങ്ങൾ, ആർദ്രം പദ്ധതിയിൽ ഡോക്ടർമാരുടെ മികച്ച സേവനം, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പ, പ്രതിരോധ കുത്തിവെയ്പ്പ് തുടങ്ങി പൊതു സ്ഥലങ്ങളിലെ മാലിന്യ നിർമാർജനം വരെ പുരസ്‌കാരത്തിന് അവസരമൊരുക്കിയ പ്രവർത്തനങ്ങളാണ്. തിങ്കളാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജാണ് പുരസ്‌കാരം നൽകിയത്.

ഒരു ചെറിയ പഞ്ചായത്തിന്റെ കഠിനാധ്വാനത്തിന് ലഭിച്ച ഏറ്റവും വലിയ പ്രചോദനമാണ് ഈ പുരസ്‌കാരമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി.എസ് പറഞ്ഞു. വരും വർഷങ്ങളിൽ ഇതിലും മികച്ച പ്രവർത്തനങ്ങൾ സാധ്യമാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് ഭരണസമിതി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!