തിരുവനന്തപുരം ജില്ലയിലെ തീരദേശ റോഡുകൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന ആധുനിക രീതിയിൽ പുനർനിർമിക്കുന്നതിന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു.
തീരദേശ മേഖലയുടെ സാമൂഹിക പശ്ചാത്തല വികസനത്തിന്റെ ഭാഗമായാണ് തീരദേശ റോഡുകൾ നവീകരിക്കുന്നതെന്നും ഇതിലൂടെ പ്രദേശത്തെ യാത്രാസൗകര്യം വിപുലമാകുമെന്നും മന്ത്രി പറഞ്ഞു. തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയിൽ ഒന്നാം പിണറായി വിജയൻ സർക്കാർ 783 കോടി രൂപ ചെലവിൽ 1792 റോഡുകൾ നിർമ്മിക്കാൻ ഭരണാനുമതി നൽകി. ഇതിൽ 1551 റോഡുകൾ പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. ഈ സർക്കാരിന്റെ കാലയളവിൽ 162.75 കോടി രൂപ ചെലവിൽ 307 റോഡുകൾക്കാണ് അനുമതി ലഭിച്ചത്. ഇതിൽ 100 എണ്ണം പൂർത്തിയാവുകയും 104 എണ്ണം നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കാനായി ഏപ്രിൽ 23 മുതൽ മെയ് 25 വരെ നടത്തുന്ന തീരസദസിന്റെ ഉദ്ഘാടനം ഏപ്രിൽ 23ന് നെയ്യാറ്റിൻകരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചിറയിൻകീഴ്, ആറ്റിങ്ങൽ, വർക്കല മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളാണ് പുത്തൻ ലുക്കിൽ അണിഞ്ഞൊരുങ്ങുന്നത്. കണ്ണമംഗലം മോണ്ടിയാൻ വിളാകം – പണ്ടാരത്തോപ്പ്, പുറ്റിൽ ക്ഷേത്രം- അടപ്പിനകം റോഡ്, മൈലവിള -കാവും മൂല റോഡ്, മാവിള – ഹരിജൻ കോളനി റോഡ്, വേങ്കോട് -കളത്തിൽ റോഡ്,മുണ്ടയിൽ -വാച്ചർമുക്ക് റോഡ്, മാച്ചത്ത് മുക്ക് – തിട്ടയിൽ റോഡ് എന്നിവയാണ് ആധുനിക രീതിയിൽ നവീകരിക്കുന്നത്. സംസ്ഥാനത്ത് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് നിർമിക്കുന്ന 62 തീരദേശ റോഡുകളുടെ ഭാഗമാണിത്. ചടങ്ങുകളിൽ എം.എൽ.എമാരായ വി.ജോയ്, ഒ.എസ് അംബിക, വി.ശശി എന്നിവരും ത്രിതല പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു.