തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ യാത്ര ആരംഭിച്ചു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു. റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന ആളുകളുടെ ആരവത്തിനൊപ്പം വന്ദേഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങുകയായിരുന്നു. ക്ഷണിക്കപ്പെട്ട യാത്രക്കാരുമായാണ് വന്ദേഭാരതിന്റെ ആദ്യ യാത്ര. 14 സ്റ്റേഷനുകളിലാണ് ഇന്ന് ട്രെയിൻ നിർത്തുക. നാളെ കാസർകോട് നിന്നുമാകും വന്ദേഭാരതിന്റെ റഗുലർ സർവീസ് ആരംഭിക്കുക.
വിമാനത്താവളത്തിൽ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മേയർ ആര്യ രാജേന്ദ്രൻ, ശശിതരൂർ എംപി, മന്ത്രി ആൻ്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു. മോദിക്കൊപ്പം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഒപ്പമുണ്ടായിരുന്നു. വഴിയോരത്ത് തിങ്ങിനിറഞ്ഞ ജനങ്ങളെ അഭിവാദ്യം ചെയ്താണ് മോദി റെയിൽവേ സ്റ്റേഷനിലേക്ക് പോയത്.