ആശാന്റെ 151-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 28 മുതൽ മേയ് 4 വരെയുള്ള ഒരാഴ്ച കാലം ആശാൻ ജന്മദിനാഘോഷമായി നടത്താൻ തീരുമാനിച്ചിരിക്കയാണെന്ന് ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഭാരവാഹികൾ കായിക്കര ആശാൻ സ്മാരകത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതിനോടനുബന്ധമായി മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന കലാസാഹിത്യ മത്സരങ്ങളോടൊപ്പം സംസ്ഥാന തലത്തിൽ ക്വിസ് മത്സരവും ഡിബേറ്റ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. കായിക്കര ആശാൻ മെമ്മോറിയൽ അസ്സോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് ആർ. ശങ്കറിനെ അനുസ്മരിച്ചും മഹാകവി രവീന്ദ്രനാഥ ടാഗോറും ശ്രീനാരായണ ഗുരുദേവനും നേരിൽ കണ്ടതിന്റെ ശതാബ്ധി അനുസ്മരിച്ചും, രണ്ട് സമ്മേളനങ്ങൾ മേയ് 1, 2 തീയതികളിൽ സംഘടിപ്പിച്ചിട്ടുണ്ട്. ചണ്ഡാലഭിക്ഷുകിയുടെ ശതാബ്ദി അനുസ്മരണ സാഹിത്യ സമ്മേളനം മേയ് 3-ന് നടക്കും. ചിത്രാപൗർണ്ണമിയുടെ നിറവിൽ നടക്കുന്ന കുമാരനാശാൻ ജന്മദിനാ ഘോഷ സമ്മേളനത്തിൽ യുവകവി പുരസ്കാര സമർപ്പണവും ആശാൻ ശാന്താത്ത കനകജൂബിലി സ്മാരക ഗ്രന്ഥത്തിന്റെ പ്രകാശനവും കലാപ്രതിഭകൾക്കുള്ള സമ്മാനദാനവും നടക്കും.
കുമാരനാശാന്റെ 150-ാം ജന്മ വാർഷികം ഏറ്റെടുത്ത് കായിക്കര ആശാൻ മെമ്മോറിയൽ അസ്സോസിയേഷൻ ഒരു വർഷം നീണ്ടുനിന്ന നിരവധി പരിപാടികൾ നടപ്പിലാക്കി. സ്കൂളുകൾ കേന്ദ്രീകരിച്ച് കലോത്സവങ്ങളും പഠന ശിബിരങ്ങളും നടത്തി. വിവിധ കോളേജുകളിൽ ദേശീയ സെമിനാറുകൾ സംഘടിപ്പിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ, പല്ലന കുമാരകോടി തുടങ്ങിയ മഹാസ്ഥാപനങ്ങളിൽ മഹാ സമ്മേളനങ്ങളും കാവ്യോത്സവങ്ങളും നടത്തി. കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ 100-ൽപരം ഗവേഷണ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് ദേശീയ സെമിനാറും കാവ്യാർച്ചനയും നടത്തി. ഗ്രന്ഥശാലകൾ, കലാസാംസ്കാരിക സംഘട നകൾ എന്നിവ കേന്ദ്രീകരിച്ച് നിരവധി ചർച്ചാ ക്ലാസ്സുകൾ നടത്തി.